കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയിലെ ഏക കോൺഗ്രസ് എംഎൽഎ ആയ ബൈറോൺ ബിശ്വാസ് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ഉപതെരഞ്ഞടുപ്പിലൂടെ സാഗർധിഗി മണ്ഡലം കോൺഗ്രസിനായി വെട്ടിപ്പിടിച്ച് മൂന്ന് മാസത്തിനുള്ളിലാണ് ബിശ്വാസിന്റെ കൂടുമാറ്റം.
തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ ജൻ സഞ്ജോംഗ് യാത്രയുടെ പടിഞ്ഞാറൻ മിഡ്നാപുരിലെ പര്യടനത്തിനിടെയാണ് ബിശ്വാസ് പാർട്ടിയിൽ ചേർന്നത്. തൃണമൂൽ കോൺഗ്രസിന്റെ പതാക നൽകി ബിശ്വാസിനെ ബാനർജി പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ മാർജിനിൽ വിജയിച്ച തൃണമൂൽ നേതാവ് സുബ്രതാ സാഹ മരണപ്പെട്ടതിനെത്തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ബിശ്വാസ് അട്ടിമറി ജയം നേടിയത്. ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന മണ്ഡലം തൃണമൂൽ കോട്ടയായി ആണ് കരുതപ്പെട്ടിരുന്നത്. എന്നാൽ തൃണമൂലിനെ പിന്നിലാക്കി 22,000 വോട്ടിന്റെ ഭൂരിപക്ഷമാണ് ബിശ്വാസ് നേടിയത്.
പിസിസി അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയുടെ ശക്തികേന്ദ്രമായ മുർഷിദാബാദിൽ നിന്നുള്ള നേതാവാണ് ബിശ്വാസ്. ബിശ്വാസ് പാർട്ടിയെയും വോട്ടർമാരെയും ചതിച്ചെന്നും അടുത്ത തവണ കുറച്ചുകൂടി വിശ്വസ്തനായ സ്ഥാനാർഥിയെ അവതരിപ്പിക്കുമെന്നും കോൺഗ്രസ് അറിയിച്ചു.