ന്യൂഡൽഹി : മഹാപഞ്ചായത്ത് നടത്താനുള്ള നീക്കത്തിനിടെ അറസ്റ്റിലായ ഇന്ത്യയുടെ അഭിമാന ഗുസ്തിതാരങ്ങൾക്കെതിരെ കേസെടുത്ത് പോലീസ്. പ്രധാനമന്ത്രി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ഗുസ്തിതാരങ്ങൾ പ്രതിഷേധവുമായി ജന്തർമന്ദറിൽ സംഘടിച്ചത്. തുടർന്ന് വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ എന്നിവരുൾപ്പെടെയുള്ള പ്രതിഷേധ ഗുസ്തിക്കാരെ പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഐപിസി 147 (കലാപശ്രമം), 149 (നിയമവിരുദ്ധമായി സംഘം ചേരൽ), 186 (കൃത്യനിർവഹണം തടസപ്പെടുത്തൽ), 188 (ഉദ്യോഗസ്ഥൻ പ്രഖ്യാപിച്ച ഉത്തരവ് ലംഘിക്കുക), 332 (സ്വമേധയാ ഉദ്യോഗസ്ഥരെ ആക്രമിക്കുക) എന്നിവ പ്രകാരമാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതു കൂടാതെ പിഡിപിപി ആക്ടിലെ സെക്ഷൻ മൂന്നും ചുമത്തി.
ജനാധിപത്യത്തെ പരസ്യമായി കൊല്ലപ്പെടുത്തിയെന്ന് വിനേഷ് ഫോഗട്ട് ട്വീറ്റ് ചെയ്തു. സംഘർഷത്തിലേക്ക് നയിച്ചത് പൊലീസാണെന്നും സാക്ഷി കുറ്റപ്പെടുത്തി. രാജ്യത്തിന് വേണ്ടി നേട്ടങ്ങൾ കൊയ്ത താരങ്ങൾക്കെതിരെ നടന്ന ആക്രമണത്തെ എതിർത്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ രംഗത്ത് വന്നിരുന്നു.
ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ്ഭൂഷൻ ശരൺസിങ്ങിനെ അറസ്റ്റ് ചെയണമെന്ന് ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ ഡൽഹി പൊലീസിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ഗുസ്തി താരങ്ങളെ വിട്ടയക്കണമെന്നും കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും സ്വാതി മലിവാൾ പൊലീസിനോട് ആവശ്യപ്പെട്ടു. ഗുസ്തിതാരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ്ഭൂഷൻ ശരൺസിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.