തുർക്കിയിൽ വീണ്ടും എർദോഗൻ, ജയം 53% വോട്ടുകളോടെ

തുർക്കിയിൽ വീണ്ടും എർദോഗൻ, ജയം 53% വോട്ടുകളോടെ
Recep Tayyip Erdogan inaugurates Turkey's first nuclear power plant via a video link, at the Presidential palace in Ankara, on April 27, 2023.

അങ്കാറ: തുർക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തയ്യിപ് എർദൊഗാന് ജയം. 53% വോട്ടുകൾ നേടിയാണ് ജയം. 20 വർഷമായി തുർക്കി ഭരിക്കുന്ന തയ്യിപ് എർദൊഗാന്റെ പ്രധാന എതിരാളി 6 പാർട്ടികളുടെ സഖ്യമായ നേഷൻ അലയൻസിന്റെ സ്ഥാനാർഥി കമാൽ കിലിച്ദാറുലുവാണ്. 47% വോട്ടുകളാണ് റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി (സി.എച്ച്.പി ) സ്ഥാനാർത്ഥിയായ കെമാലിന് ഇയാൾക്ക് ലഭിച്ചത്.

രാജ്യത്തെ സുപ്രീം ഇലക്ഷൻ കൗൺസിൽ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും. 2003 മുതൽ പ്രധാനമന്ത്രിയായും 2014 മുതൽ പ്രസിഡന്റായും രാജ്യത്ത് അധികാരത്തിൽ തുടരുകയാണ് അദ്ദേഹം. പ്രധാനമന്ത്രി പദവി എടുത്തുകളഞ്ഞ് പ്രസിഡന്റ് സർക്കാ‍ർ മേധാവിയായുള്ള ഭരണസംവിധാനത്തിലേക്ക് 2017 ലാണു തുർ‍ക്കി മാറിയത്. തനിക്കൊപ്പം നിന്ന എല്ലാ വോട്ടർമാർക്കും നന്ദി രേഖപ്പെടുത്തുന്നതായി വിജയം പ്രഖ്യാപിച്ച് ഇസ്താംബുളിൽ നടത്തിയ അഭിസംബോധനയ്ക്കിടെ എർദോഗൻ പറഞ്ഞു. വിവിധ രാഷ്ട്രത്തലവൻമാർ എർദോഗനെ അഭിനന്ദിച്ചു.

ഇന്ത്യൻ സമയം ഇന്നലെ രാവിലെ 10:30ന് ആരംഭിച്ച വോട്ടിംഗ് വൈകിട്ട് 7.30 വരെ തുടർന്നു. ഈ മാസം 14ന് നടന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനാർത്ഥികളിൽ ആർക്കും 50 ശതമാനത്തിലേറെ വോട്ട് നേടാനാവാതെ വന്നതോടെയാണ് മുന്നിലെത്തിയ രണ്ട് സ്ഥാനാർത്ഥികളുമായി രണ്ടാം റൗണ്ടിലേക്ക് നീങ്ങിയത്.ആദ്യ റൗണ്ടിൽ 49.51 ശതമാനം വോട്ടുമായി എർദോഗൻ മുന്നിലെത്തിയപ്പോൾ പ്രതിപക്ഷ സഖ്യമായ നേഷൻ അലയൻസിന്റെ സ്ഥാനാർത്ഥിയായ കെമാൽ 44.89 ശതമാനവുമായി തൊട്ടുപിന്നിലെത്തി. ഫെബ്രുവരിയിലുണ്ടായ ഭൂകമ്പത്തിന്റെ രക്ഷാപ്രവർത്തനത്തിൽ വീഴ്ച വരുത്തിയതും റഷ്യൻ അനുകൂല സമീപനവും എർദോഗന് പ്രതികൂലമായിരുന്നു. അഞ്ച് വർഷം കൂടി തനിക്ക് ഭരണം ലഭിക്കുമെന്നാണ് അവസാന നിമിഷം വരെ എർദോഗൻ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

അതേസമയം, 600 അംഗ പാർമെന്റിലെ 268 സീറ്റുകൾ എർദോഗന്റെ ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടിയും 50 സീറ്റുകൾ സഖ്യകക്ഷിയായ നാഷണലിസ്റ്റ് മൂവ്‌മെന്റ് പാർട്ടിയും നേടിയിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടിനൊപ്പമായിരുന്നു പാർലമെന്റ് തിരഞ്ഞെടുപ്പും. 301 ആണ് പാർലമെന്റിലെ കേവല ഭൂരിപക്ഷം. കെമാലിന്റെ പാർട്ടി 169 സീറ്റും നേടി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *