തിരുവനന്തപുരം : ഈ മാസം 31-ന് 526 പേര്‍കൂടി വിരമിക്കുന്നതോടെ കെ.എസ്.ആര്.ടി.സി.യില്‍ കൂടുതല്‍ എംപാനല്‍ഡ് ജീവനക്കാര്‍ക്ക് നിയമനം ലഭിക്കും. സ്വിഫ്റ്റ് ബസുകളിലേക്കും കൂടുതല്‍പ്പേരെ നിയമിക്കാൻ നടപടി തുടങ്ങി. ഏപ്രില്‍-മേയ് മാസങ്ങളിലാണ് കോര്‍പ്പറേഷനില്‍നിന്ന് കൂടുതല്‍പ്പേര്‍ വിരമിക്കുന്നത്. മേയ് മാസത്തില്‍ 550 പേരും ഏപ്രിലില്‍ 150 പേരും വിരമിക്കുന്നുണ്ട്. ഈ വര്‍ഷം വിരമിച്ചവരിലധികവും ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഇന്‍സ്പെക്ടര്‍മാരുമാണ്. ഇതുമൂലം സര്‍വീസുകള്‍ മുടങ്ങാതിരിക്കാനാണ് നേരത്തേ കോര്‍പ്പറേഷനില്‍നിന്ന് പിരിച്ചുവിട്ട എംപാനല്‍ഡ് ജീവനക്കാരെ ഡ്രൈവര്‍, കണ്ടക്ടര്‍ തസ്തികകളില്‍ നിയമിക്കുന്നത്. സ്റ്റേഷന്മാസ്റ്റര്മാര്ക്ക് സ്ഥാനക്കയറ്റം നല്കി ഇന്സ്പെക്ടര്മാരായും നിയമിച്ചു. സിറ്റി സര്‍വീസ് നടത്തുന്ന സ്വിഫ്റ്റ് ബസുകളിലേക്ക് കൂടുതല്‍ വനിതകളെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്.