ബെംഗളൂരു : ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ, ആഭ്യന്തരവും കാംക്ഷിച്ചിരുന്ന ഡികെ ശിവകുമാറിന് വകുപ്പ് വിഭജനത്തിൽ തിരിച്ചടി . സിദ്ധാരാമയ്യ മന്ത്രിസഭയിൽ ജി പരമേശ്വര ആഭ്യന്തര മന്ത്രിയാകും . ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒതുങ്ങിയ പിസിസി അധ്യക്ഷൻ കൂടിയായ ഡി.കെ.ശിവകുമാറിന് ജലസേചനം, നഗരവികസനം എന്നീ വകുപ്പുകളാണ് ലഭിക്കുക.
കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനം നേടിയെടുത്തതിനു പുറമെ ധനകാര്യ വകുപ്പിന്റെ ചുമതലയും സിദ്ധരാമയ്യയ്ക്കാണ്. ജി.പരമേശ്വര ആഭ്യന്തര മന്ത്രിയാകും. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മകൻ പ്രിയങ്ക് ഖർഗെയ്ക്ക് ഗ്രാമവികസനം, പഞ്ചായത്തീ രാജ് എന്നിവയുടെ ചുമതല നൽകി.
മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി 24 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത 10 പേർക്കു പുറമെയാണിത്. മന്ത്രിസഭയിലെ ഏക വനിതാ മന്ത്രിയടക്കം ലിംഗായത്ത് വിഭാഗത്തിന് എട്ടു മന്ത്രിസ്ഥാനം ലഭിച്ചു. ഷെഡ്യൂൾഡ് കാസ്റ്റ് വിഭാഗങ്ങളിൽ നിന്നും ഏഴും വൊക്കലിംഗ വിഭാഗത്തിൽ നിന്നും അഞ്ചും എസ് ടി വിഭാഗത്തിൽ നിന്നും മൂന്നും രണ്ടു മുസ്ലിം മന്ത്രിമാരും മറ്റു ഒബിസി വിഭാഗങ്ങളിൽ നിന്നും ആറും മന്ത്രിമാരുണ്ട്.
മന്ത്രിമാരെ തീരുമാനിക്കുന്ന കാര്യത്തിലും സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നത നിലനിൽക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഇത്തവണയും ശിവകുമാറിനെ മറികടന്ന് മന്ത്രിസഭാ രൂപീകരണത്തിൽ സിദ്ധരാമയ്യയുടെ അഭിപ്രായങ്ങൾക്കാണ് മേൽക്കൈ ലഭിച്ചത്. സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരിൽ 12 പേരും ആദ്യമായി മന്ത്രിസ്ഥാനത്തെത്തുന്നവരാണ്.