കുമളി : അരിക്കൊമ്പൻ കമ്പം ടൗണിൽ എത്തി. ഇന്ന് രാവിലെയാണ് കമ്പത്തെ ജനവാസ മേഖലയിൽ എത്തിയത്. കമ്പം ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകള്‍ ആന തകര്‍ത്തു. ജനം പരിഭ്രാന്തിയിലായിട്ടുണ്ട്. ആനയെ ഓടിക്കാൻ പിന്നാലെ കൂകിവിളിച്ച് ഓടുകയാണ് ജനം. വനം വകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തി.
പ്രദേശത്തെ ഒരു പുളിമരത്തോട്ടത്തിലാണ് ആന ഇപ്പോഴുള്ളത്. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും അടക്കമുള്ള സംഘം സ്ഥലത്തെത്തി ആനയെ ജനവാസമേഖലയില്‍ നിന്ന് തുരത്താനുള്ള ശ്രമം തുടരുകയാണ്. ലോവർ ക്യാമ്പിൽ നിന്നും വനാതിർത്തിയിലൂടെ ഇവിടെ എത്തിയെന്നാണ് നിഗമനം. ഇന്നലെ രാത്രി തമിഴ്നാട്ടിലെ ലോവർ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിലാണ് ആനയുണ്ടായിരുന്നത്. ഇന്ന് രാവിലെ ആനയുടെ സിഗ്നൽ നഷ്ടമായതോടെ വനം വകുപ്പ് നടത്തിയ തെരച്ചിലിലാണ് ആന കമ്പത്ത് ജനവാസ മേഖലയിൽ എത്തിയെന്ന് വ്യക്തമായത്.