തിരുവനന്തപുരം:നിതി ആയോഗിന്റെ വാർഷിക ആരോഗ്യസൂചികയിൽ കേരളം ഒന്നാമത്. 2020-21ലെ റിപ്പോർട്ടിലാണിത്. തൊട്ടുമുമ്പത്തെ വർഷങ്ങളിലും കേരളം തന്നെയായിരുന്നു മുന്നിൽ. തമിഴ്നാടും തെലങ്കാനയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
വലിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം, തമിഴ്നാട്, തെലങ്കാന എന്നിവ മുന്നിലെത്തിയത്. ഉത്തർപ്രദേശും (18) മധ്യപ്രദേശും ബീഹാറുമാണ് (19) അവസാന സ്ഥാനങ്ങളിൽ. രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഒഡിഷ എന്നീ സംസ്ഥാനങ്ങൾ കഴിഞ്ഞ റാങ്കിങ്കിനേക്കാൾ നില മെച്ചപ്പെടുത്തി. ചെറിയ സംസ്ഥാനങ്ങളിൽ ത്രിപുര, സിക്കിം, ഗോവ ആദ്യ സ്ഥാനങ്ങളിൽ എത്തിയപ്പോൾ മണിപ്പൂർ അവസാന സ്ഥാനത്തേക്ക് വീണു. കേന്ദ്രഭരണ പ്രദേശങ്ങളിൽ ലക്ഷദ്വീപിനാണ് ഒന്നാം സ്ഥാനം. ഡൽഹിയാണ് അവസാനം.
കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും ലോക ബാങ്കിന്റെയും സഹകരണത്തോടെ 24 ആരോഗ്യ സൂചകങ്ങളുള്ള കോമ്പോസിറ്റ് സ്കോറിംഗ് രീതിയിലാണ് റാങ്കിംഗ്. വർഷാവർഷമുള്ള പുരോഗതിയുടെയും മൊത്തം പ്രകടനത്തിന്റെയും അടിസ്ഥാനത്തിലാണ് നിതി ആയോഗ് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും റാങ്കുകൾ നിശ്ചയിക്കുന്നത്. 19 വലിയ സംസ്ഥാനങ്ങൾ, 8 ചെറിയ സംസ്ഥാനങ്ങൾ, 8 കേന്ദ്രഭരണപ്രദേശങ്ങൾ എന്നിങ്ങനെ തിരിച്ചാണ് റാങ്കുകൾ.