ബെംഗളുരു : പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുമെന്ന് ജെ.ഡി.എസ്. പ്രതിപക്ഷ പാർട്ടികൾ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കെയാണ് ജെ.ഡി.എസ് നിലപാട് വ്യക്തമാക്കിയത്. ഉദ്ഘാടന ചടങ്ങിൽ എച്ച്.ഡി. ദേവഗൗഡയാണ് ജെ.ഡി.എസിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുക.
രാജ്യത്തിന്റെ സമ്പത്തായ ഒരു മന്ദിരത്തിന്റെ ഉദ്ഘാടനത്തിനാണ് താൻ പോകുന്നതെന്ന് ദേവഗൗഡ പറഞ്ഞു. ഇത് ആരുടെയും വ്യക്തിപരമായ പരിപാടിയല്ല, ഇത് രാജ്യത്തിന്റെ പരിപാടിയാണ്. ആ ഗംഭീരമായ കെട്ടിടം നിർമിച്ചത് രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ്. അത് രാജ്യത്തിന്റേതാണ്. ഇത് ബിജെപിയുടേയോ ആർഎസ്എസിന്റെയോ ഓഫീസല്ല.രാഷ്ട്രീയമായി ബിജെപിയെ എതിർക്കാൻ തനിക്ക് നിരവധി കാരണങ്ങളുണ്ട്. എന്നാൽ പാർലമെന്റ് മന്ദിരം തുറക്കുന്ന കാര്യത്തിൽ രാഷ്ട്രീയം കൊണ്ടുവരാൻ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
നേരത്തെ ബി.എസ്. പി നേതാവ് മായാവതിയും പുതിയ പാർലമെന്റിന്റെ ഉദ്ഘാടനത്തെ പിന്തുണച്ചിരുന്നു.എന്നാൽ മുൻകൂട്ടി നിശ്ചയിച്ച വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കേണ്ടതിനാൽ ഉദ്ഘാടന ചടങ്ങിന് എത്തില്ലെന്ന് മായവതി അറിയിച്ചു. ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്യാത്തത് കൊണ്ട് നടത്തുന്ന ബഹിഷ്കരണം അന്യായമാണ്. ഈ ചടങ്ങിനെ ആദിവാസി സ്ത്രീകളുടെ അഭിമാനവുമായി ബന്ധിപ്പിക്കുന്നത് അന്യായമാണെന്നും മായാവതി പറഞ്ഞു. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗ് മോഹൻ റെഡ്ഡി, ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദൽ എന്നിവരും പിന്തുണ പ്രഖ്യാപിച്ചിരുന്നു. എ.ഐ.എ.ഡി.എം.കെ, തെലുങ്ക് ദേശം പാർട്ടി, ശിവസേന(ഷിൻഡെ വിഭാഗം), എൻ.പി.പി, എൻ.ഡി.പി.പി, സിക്കിംക്രാന്തികാരി മോർച്ച, ആൾ ഝാർഖണ്ഡ് സ്റ്റുഡൻസ് യൂണിയൻ, രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി, റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ, അപ്നദൾ (എസ്), ഇന്ത്യ മക്കൾ കൽവി മുന്നേറ്റ കഴകം, തമിഴ് മാനില കോൺഗ്രസ് എന്നീ സംഘടനകളാണ് ചടങ്ങിൽ പങ്കെടുക്കുമെന്നറിയിച്ചത്.