തിരുവനന്തപുരം: എങ്ങനെ അഴിമതി നടത്താമെന്ന് ഡോക്ടറേറ്റ് എടുത്ത ചിലര്‍ സര്‍വീസില്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ഗൗരവമായ വിഷയമാണ്. അത്തരമൊരു ഉദ്യോഗസ്ഥനെയാണ് കഴിഞ്ഞദിവസം പിടികൂടിയത്. അഴിമതി ഒരു കാരണവശാലും വെച്ചു പൊറുപ്പിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.
എല്ലാ ജീവനക്കാരും അഴിമതിക്കാരല്ല. മഹാഭൂരിഭാഗവും സംശുദ്ധരായി സര്‍വീസ് ജീവിതം നയിക്കുന്നവരാണ്. പക്ഷെ ഒരു വിഭാഗം കൈക്കൂലി രുചി അറിഞ്ഞവരാണ്. ആ രുചിയില്‍ നിന്നും അവര്‍ മാറുന്നില്ല , അവർ തിരുത്തണം- മുഖ്യമന്ത്രി പറഞ്ഞു. അത്തരത്തിലൊരാളായ വില്ലേജ് അസിസ്റ്റന്റാണ് കഴിഞ്ഞദിവസം പിടിയിലായത്. പാലക്കാട്ടെ കൈക്കൂലി വകുപ്പിനും നാടിനും നാണക്കേടുണ്ടാക്കുന്നതാണ്.
വില്ലേജ് ഓഫീസ് എന്നത് വളരെ ചെറിയ ഓഫീസാണ്. വലിയ ഓഫീസാണെങ്കില്‍ ഒരാള്‍ ഒരു മൂലയില്‍ ഇരുന്ന് ചെയ്താല്‍ മറ്റുള്ളവര്‍ അറിയണമെന്നില്ല. അതേസമയം വില്ലേജ് ഓഫീസ് പോലെ ചെറിയ ഓഫീസില്‍ ഒരാള്‍ വഴിവിട്ട് എന്തെങ്കിലും ചെയ്താല്‍ അത് അറിയാതിരിക്കില്ല. തനിക്ക് അറിയില്ല, താന്‍ കൈക്കൂലി വാങ്ങിയിട്ടില്ല എന്നൊക്കെ അവിടെയുള്ള മറ്റുള്ളവര്‍ക്ക് പറയാനാകും.
എന്നാല്‍ ഇത്തരമൊരു ജീവിതം ഈ മഹാന്‍ നയിക്കുമ്പോള്‍ അത് ഓഫീസിലുള്ള മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ തീരെ കഴിയാത്ത അവസ്ഥ വരുമോ?. ഇതാണ് നാം ഗൗരവമായി ആലോചിക്കേണ്ടത്. തെറ്റായ രീതി ഏതെങ്കിലും ജീവനക്കാരന്‍ കാണിച്ചാല്‍ അതു തിരുത്തുന്നതിനു വേണ്ട ഇടപെടല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നു തന്നെ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ഇന്നത്തെ കാലത്ത് ഒന്നും അതീവ രഹസ്യമല്ലെന്നും, എല്ലാം എല്ലാവരും കാണുന്നുണ്ടെന്നും മനസ്സിലാക്കണം. പിടികൂടപ്പെടുന്നത് ചിലപ്പോള്‍ മാത്രമായിരിക്കും. പിടികൂടുന്നതിന് സാങ്കേതികമായി ഒരുപാട് കാര്യങ്ങള്‍ വേണമല്ലോ. പക്ഷെ എല്ലാക്കാലവും അതില്‍ നിന്നും രക്ഷപ്പെടാമെന്ന് കരുതേണ്ടതില്ല. പിടികൂടിയാല്‍ വലിയ തോതിലുള്ള പ്രയാസം അനുഭവിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി.
രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. അതു നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അഴിമതിയോട് ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. അഴിമതിക്കാരെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രധാനമായും ആശ്രയിക്കുന്ന വില്ലേജ് ഓഫീസുകള്‍, തദ്ദേശ സ്വയംഭരണ ഓഫീസുകള്‍ എന്നിവിടങ്ങളില്‍നിന്നാണ് ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടു നേരിടുന്നത്. ഇവിടങ്ങളില്‍ നിന്നും നേരിട്ട പ്രശ്‌നങ്ങളാണ് പ്രധാനമായും താലൂക്ക് തല അദാലത്തില്‍ ലഭിച്ച പരാതികളിലേറെയും. ഇവയെല്ലാം ജനസൗഹൃദ ഓഫീസുകളായി മാറേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജീവനക്കാര്‍ എപ്പോഴും ജനപക്ഷത്തായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. ജനങ്ങളെ ശത്രുവായി കണ്ടുകൊണ്ടുള്ള സമീപനം സ്വീകരിക്കരുത്. ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ചെയ്യണമെന്ന് ആരും പറയില്ല. പക്ഷെ ജനങ്ങള്‍ക്ക് ചെയ്തുകൊടുക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ അതിവേഗതയില്‍ ചെയ്തുകൊടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.