കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സ് സെലക്ഷൻ ട്രയല്‍സ് തടഞ്ഞ സംഭവത്തില്‍ ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടി. എറണാകുളം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി, കൊച്ചി കോർപറേഷൻ സെക്രട്ടറി എന്നിവരോടാണ് കമ്മീഷന് റിപ്പോര്‍ട്ട് തേടിയത്. രണ്ട് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ട്രയല്‍സ് നടക്കേണ്ട കൊച്ചി പനമ്പിള്ളി നഗര്‍ സ്കൂളിന്റെ ഗേറ്റ് പൂട്ടിയിട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്ന് വന്ന കുട്ടികള്‍ക്ക് മണിക്കൂറുകളോളം കാത്ത് നില്‍ക്കേണ്ടി വന്നത്. സ്പോര്‍ട്സ് കൗണ്‍സില്‍ എറണാകുളം ജില്ലാ പ്രസിഡന്റും കുന്നത്തുനാട് എംഎല്‍എയുമായ പി.വിശ്രീനിജിന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. പിന്നീട് കായികമന്ത്രി വി.അബ്ദുറഹ്മാന് ഇടപെട്ടതോടെയാണ് മറ്റൊരു ഗേറ്റ് തുറന്ന് കുട്ടികളെ അകത്ത് പ്രവേശിപ്പിച്ചത്.
സ്പോര്‍ട്സ് കൗണ്‍സിലിന് സ്റ്റേഡിയത്തിന്റെ വാടക കിട്ടാത്തത് കൊണ്ടാണ് ഗേറ്റ് പൂട്ടിയതെന്നായിരുന്നു എംഎല്‍എയുടെ വാദം. എന്നാല്‍ ഇത് നിഷേധിച്ചുകൊണ്ട് സ്പോര്‍ട്സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് യു. ഷറഫലി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.