കൊല്ലം: രാത്രി നടുറോഡിലെ തല്ലിനൊടുവിൽ സി പി ഐക്കാരന്റെ കൈവിരൽ സി പി എം അംഗം കടിച്ചെടുത്തു. അരമണിക്കൂറോളം കടിച്ചുപിടിച്ചതിനെ തുടർന്ന് മുറിഞ്ഞുപാേയ വിരൽ സമയത്ത് എത്തിക്കാനാവാത്തതിനാൽ തുന്നിച്ചേർക്കാനുമായില്ല. ഞായറാഴ്ചയാണ് സംഭവം നടന്നതെങ്കിലും കഴിഞ്ഞദിവസമാണ് ഇത് പുറത്തുവന്നത്. തമ്മിൽ തല്ലിയവർ അയൽവാസികളും ബന്ധുക്കളുമാണെന്നാണ് വിവരം.
മേലില മൂലവട്ടത്താണ് സിനിമയെ വെല്ലുന്ന സംഘട്ടന രംഗങ്ങൾ ഉണ്ടായത്. ഞായറാഴ്ച വൈകിട്ട് ഒരു കല്യാണ വീട്ടില്‍ വച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടർന്ന് രാത്രി 11ന് മൂലവട്ടം ജംഗ്ഷനിൽവച്ച് ഇവർ തമ്മിൽ വീണ്ടും തർക്കമുണ്ടാവുകയും കയ്യാങ്കളിയിലേക്ക് എത്തുകയും ചെയ്തു. ഇതിനിടെയാണ് സി പി ഐക്കാരന്റെ ഇടതു കയ്യിലെ തള്ളവിരൽ സിപിഎം അംഗത്തിന്റെ വായിൽ അകപ്പെട്ടത്. ഇതോടെ സി പി എം അംഗം വിരലിൽ ആഞ്ഞുകടിച്ചു. വേദനകൊണ്ട് നിലവിളിച്ചിട്ടും വിടാൻ കൂട്ടാക്കിയില്ല. അരമണിക്കൂറോളം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് കടി വിടുവിച്ചത്.
രക്തം ഒഴുകുന്ന കൈയുമായി നിന്ന സി പി ഐ അംഗത്തെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് വിരലറ്റ വിവരം അറിയുന്നത്.ബന്ധുക്കളും നാട്ടുകാരും തിരികെയെത്തി സിപിഎം അംഗത്തെ സമീപിച്ചെങ്കിലും വിരൽ എവിടെയെന്നു പറഞ്ഞില്ല. പിന്നീട് സംഭവം നടന്ന സ്ഥലത്ത് നടത്തിയ തിരച്ചിലിൽ വിരലിന്റെ കഷണം കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും തുന്നിച്ചേര്‍ക്കാന്‍ കഴിയാത്തവിധം ചതഞ്ഞിരുന്നു.ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്ന് കുന്നിക്കോട് പൊലീസ് പറയുന്നത്.