തിരുവനന്തപുരം : റവന്യു വകുപ്പില്‍ അഴിമതിക്കേസുകളില്‍ പ്രതികളാകുന്നവരെ പിരിച്ചുവിടുന്നതിനുള്ള നിയമമാര്‍ഗങ്ങള്‍ പരിശോധിക്കാന്‍ റവന്യുമന്ത്രി കെ രാജന്റെ നിര്‍ദേശം. കൈക്കൂലിയിലൂടെ 1.5 കോടി രൂപയുടെ സ്വത്ത് സമാഹരിച്ച വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ നിര്‍ദേശം.
സസ്‌പെന്‍ഷന്‍ കാലയളവില്‍ ശമ്പളത്തിന്റെ നിശ്ചിത ശതമാനം ജീവനക്കാരന് ലഭിക്കും. സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞു സര്‍വീസില്‍ പ്രവേശിച്ചാല്‍ കുടിശിക ശമ്പളം പൂര്‍ണമായി ലഭിക്കും. ഈ സാഹചര്യം ഒഴിവാക്കാന്‍, ശക്തമായ തെളിവുകള്‍ ശേഖരിച്ച് കുറ്റക്കാരെ സര്‍വീസില്‍നിന്ന് പിരിച്ചുവിടുന്നതിനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്.
റവന്യുവകുപ്പിലെ അഴിമതി വിരുദ്ധ നടപടികള്‍ ശക്തമാക്കാന്‍ റവന്യുമന്ത്രി നിര്‍ദേശം നല്‍കി. മൂന്നു വര്‍ഷം വില്ലേജ് ഓഫിസുകളില്‍ തുടര്‍ച്ചയായി സേവനം അനുഷ്ഠിച്ച വില്ലേജ് ഓഫിസര്‍ ഉള്‍പ്പെടെയുള്ളവരെ സ്ഥലം മാറ്റും. റവന്യു ഇന്റലിജന്‍സ് ശക്തിപ്പെടുത്തും. എല്ലാ മാസവും ലാന്‍ഡ് റവന്യു കമ്മിഷണറും റവന്യു സെക്രട്ടറിയും മന്ത്രിയും അടങ്ങുന്ന സംഘം ഓരോ ജില്ലയിലും മിന്നല്‍ പരിശോധന നടത്തും.
പാലക്കാട് മന്ത്രിയും കലക്ടറും പങ്കെടുത്ത റവന്യു അദാലത്തിന്റെ പരിസരത്തു കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായ വി സുരേഷ് കുമാര്‍ വിജിലന്‍സിന്റെ പിടിയിലായത്. മണ്ണാര്‍ക്കാട് താമസസ്ഥലത്ത് നടത്തിയ റെയ്ഡില്‍ 35 ലക്ഷം രൂപ പണമായും 45 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപ രേഖകളും 25 ലക്ഷം രൂപയുടെ സേവിങ്‌സ് അക്കൗണ്ട് രേഖകളും കണ്ടെടുത്തിരുന്നു.