150+! പിടിവിട്ട് കോഴിവില

150+! പിടിവിട്ട് കോഴിവില

കൊച്ചി : ഉൽപ്പാദനം കുറഞ്ഞതോടെ സംസ്ഥാനത്തെ ഇറച്ചിക്കോഴി വില കിലോ 150 രൂപക്ക് മുകളിലെത്തി. രണ്ടാഴ്ചയ്ക്കിടെ 25 രൂപയുടെ വർധന. വേനലവധിക്കാലത്ത് വിൽപ്പന വർധിച്ചതും വിലക്കയറ്റത്തിന് കാരണമായി. ഇറച്ചിക്കോഴികൾ ഇറക്കുമതി ചെയ്യുന്ന തമിഴ്നാട്ടിലെയും പെരുമ്പാവൂർ, പാലാ എന്നിവിടങ്ങളിലെയും ഫാമുകളിൽ ഉൽപ്പാദനം കുറഞ്ഞു. വേനലിൽ മുട്ട വിരിയാൻ കാലതാമസമെടുക്കുന്നതും കോഴികൾക്ക് തൂക്കമില്ലാത്തതുമാണ് ഉൽപ്പാദനക്കുറവിന് കാരണം.

കോഴിത്തീറ്റ, അറക്കപ്പൊടി എന്നിവയ്ക്ക് വില വർധിച്ചത് ഫാമുകളെയും പ്രതിസന്ധിയിലാക്കി. തമിഴ്നാട്ടിലെ കമ്പം, ചിന്നമന്നൂർ, തേനി, ഉത്തമപാളയം, ഗൂഡല്ലൂർ, രായപ്പൻപെട്ടി, ആണ്ടിപ്പെട്ടി തുടങ്ങിയ സ്ഥലങ്ങളിലെ ഫാമുകളിൽ നിന്നാണ് കൂടുതലായി ഇറച്ചിക്കോഴി എത്തുന്നത്. തുടർച്ചയായി വേനൽമഴ ലഭിച്ചിട്ടും പകൽച്ചൂട് ശമനമില്ലാതെ തുടരുന്നത് മുട്ട വിരിയാൻ കാലതാമസം നേരിടുകയാണ്. ഇതോടെ ഇറക്കുമതിയിൽ 40 ശതമാനത്തിന്റെ കുറവുണ്ട്. അതേസമയം ചൂടിന്റെ കാഠിന്യം മൂലം കോഴികൾക്ക് തൂക്കമില്ല. പ്രാദേശികമായി പ്രവർത്തിക്കുന്ന കോഴിഫാമുകളും പ്രതിസന്ധിയിലാണ്. വേനൽക്കാലം അവസാനിക്കുന്നതോടെ ജൂണിൽ ഉൽപ്പാദനം വർധിക്കുമെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *