കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്ന്റിന് ഒന്നരക്കോടിയുടെ അനധികൃത സമ്പാദ്യം

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ന് രാവിലെ പിടിയിലായ വില്ലേജ് അസിസ്റ്റന്റ് ഓഫീസറുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വിജിലന്‍സ് പിടിച്ചെടുത്തത് ഒന്നരകോടിയിലേറെയുള്ള  സമ്പത്ത്. വീട്ടില്‍ നിന്ന് പണമായി 35 ലക്ഷം രൂപ കണ്ടെടുത്തു. 45 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപ രേഖകളും 25 ലക്ഷം രൂപയുടെ സേവിങ്‌സ് ബാങ്ക് രേഖകളും കണ്ടെടുത്തു. കൂടാതെ 17 കിലോ വരുന്ന നാണയശേഖരവും കണ്ടെത്തി. പിടിച്ചെടുത്തവയെല്ലാം കൈക്കൂലി പണമാണെന്ന് വിജിലന്‍സ് അറിയിച്ചു. 

വസ്തുവിന്റെ ലൊക്കേഷന്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നതിന് കൈക്കൂലി വാങ്ങൂന്നതിനിടെയാണ്് പാലക്കയം വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാര്‍ അറസ്റ്റിലായത്.  മഞ്ചേരി സ്വദേശിയായ പരാതിക്കാരന്‍ പാലക്കയം വില്ലേജ് പരിധിയിലെ 45 ഏക്കര്‍ സ്ഥലത്തിന്റെ ലൈക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനായി ദിവസങ്ങള്‍ക്ക് മുമ്പ് വില്ലേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റിനായി വില്ലേജ് ഓഫിസില്‍ അന്വേഷിച്ചപ്പോള്‍ ഫയല്‍ വില്ലേജ് ഫില്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ കൈവശം ആണെന്ന് അറിഞ്ഞു.

ഇതോടെ സുരേഷ് കുമാറിനെ ഫോണ്‍ വിളിച്ചപ്പോള്‍ 2,500 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പണവുമായി മണ്ണാര്‍ക്കാട് താലുക്ക് തല റവന്യ അദാലത്ത് നടക്കുന്ന എംഇഎസ് കോളേജില്‍ ഇന്ന് എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പരാതിക്കാരന്‍ കൈക്കൂലി ആവശ്യപ്പെട്ട കാര്യം വിജിലന്‍സിനെ അറിയിച്ചു. പാലക്കാട് വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം സുരേഷ് കുമാറിനെ കുടുക്കാന്‍ വലവിരിക്കുകയും ചെയ്തു.

എംഇഎസ് കോളജിന്റെ മുന്‍വശം പാര്‍ക്ക് ചെയ്തിരുന്ന സുരേഷ് കുമാറിന്റെ കാറില്‍ വച്ച് 2500 കൈക്കൂലി വാങ്ങവേ വിജിലന്‍സ് സംഘം പ്രതിയെ കൈയ്യോടെ പിടികൂടുകയായിരുന്നു. മുമ്പ് ഇതേ പരാതിക്കാരനില്‍ നിന്ന് സുരേഷ് ബാബു കൈക്കൂലി വാങ്ങിയതായും വിജിലന്‍സ് അറിയിച്ചു. ഇതേ വസ്തു എല്‍ എ പട്ടയത്തില്‍ പെട്ടതല്ലെന്നുള്ള സര്‍ട്ടിഫിക്കേറ്റിനായി പരാതിക്കാരനില്‍ നിന്ന് ആറ് മാസം മുമ്പ് 10,000 രൂപയും പൊസഷന്‍ സര്‍ട്ടിഫിക്കേറ്റിനായി അഞ്ച് മാസം മുമ്പ് 9,000 രൂപയും വാങ്ങിയിരുന്നു. തുടര്‍ന്നാണ് ലൊക്കേഷന്‍ സര്‍ട്ടിഫിക്കേറ്റിനായി അപേക്ഷ സമര്‍പ്പിച്ച അവസരത്തില്‍ തന്നെ 500 രൂപ വാങ്ങുകയും പിന്നീട് എംഇഎസ് കോളജില്‍ അദാലത്ത് നടക്കുമ്പോള്‍ 2,500 രൂപ കൊണ്ട് വരണമെന്നും ആവശ്യപ്പെട്ടത്. 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *