ന്യൂഡൽഹി: ഉടൻ പിൻവലിക്കപ്പെടുന്ന 2,000 രൂപയുടെ കറന്‍സിക്ക് പകരമായി 1,000 രൂപ നോട്ടുകൾ വിപണിയിലെത്തുമെന്ന അഭ്യൂഹം നിഷേധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്. 1,000 രൂപ നോട്ടുകൾ ആർബിഐ വീണ്ടും പുറത്തിറക്കുമെന്ന വാർത്ത ഊഹാപോഹം മാത്രമാണെന്നും നിലവിൽ അത്തരമൊരു നീക്കം നടത്താൻ ഉദ്ദേശ്യമില്ലെന്നും ദാസ് അറിയിച്ചു.
ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസി പിൻവലിച്ചതിനാൽ സാമ്പത്തികമേഖലയിൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന പ്രചരണം ശരിയല്ലെന്നും 500, 100 രൂപയുടെ കറന്‍സികൾ വിപണയിൽ സുലഭമായതിനാൽ നിലവിലെ നടപടി ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ലെന്നും ഗവർണർ പ്രസ്താവിച്ചു. 2016-ലെ നോട്ട്നിരോധത്തിന് ശേഷമുണ്ടായ കറൻസി ക്ഷാമം പരിഹരിക്കാനുള്ള താൽക്കാലിക നീക്കമായിരുന്നു 2,000 രൂപയുടെ നോട്ടുകളെന്നും ഈ കറൻസികൾ അവയുടെ “കടമ’ നിർവഹിച്ച് തീർത്തെന്നും ഗവർണർ വ്യക്തമാക്കി.