‘സഭ പാസാക്കിയ ബില്ലുകൾ അനുമതി കിട്ടാതെ കിടന്നത് മറക്കാനാവില്ല’;ഉപരാഷ്ട്രപതിക്ക് മുന്നിൽ ഗവർണറെ വേദിയിലിരുത്തി വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷ ഉദ്ഘാടന വേളയിൽ ഗവർണർക്കെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭ പാസാക്കിയ ബില്ലുകളിൽ അനുമതി നൽകാതെ കാലതാമസം വരുത്തുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ഉപരാഷ്ട്രപതി ജഗദീപ് ധൻകർ പങ്കെടുത്ത പരിപാടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

കേരള നിയമസഭയിലുണ്ടായ നിയമങ്ങളുടെ ചുവടുപിടിച്ച് മറ്റ് സംസ്ഥാന സർക്കാരുകളും കേന്ദ്രവും നിയമങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പരോക്ഷപരാമർശം. ‘നേട്ടങ്ങള്‍ എണ്ണിപ്പറയുമ്പോഴും കേരള നിയമസഭ പാസാക്കിയ ചില ബില്ലുകൾ അനുമതി കിട്ടാതെ കിടന്ന കാര്യവും അനുമതി കാര്യത്തിൽ അനിശ്ചിതമായ കാലതാമസം ഉണ്ടാവുന്ന കാര്യവും വിസ്മരിക്കാനാവില്ല’, മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യൻ ഭരണഘടനയുടെ മൂന്ന് ശാഖകളായ ലെജിസ്‌ലേച്ചർ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവയിൽ ഒന്ന് മറ്റൊന്നിന്റെ അധികാരപരിധിയിൽ കൈകടത്തുന്നുവെന്ന ആക്ഷേപം ഉയർന്നുവരുന്നുണ്ടെന്നും മുഖ്യമന്ത്രി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. അത്തരം ആക്ഷേപങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *