കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ സിലക്‌ഷന്‍ ട്രയല്‍സ് തടഞ്ഞ സംഭവത്തിൽ സംസ്ഥാന സ്പോർട്സ് കൗൺസിലിനെതിരെ വിമർശനവുമായി സ്പോര്‍ട്സ് കൗണ്‍സില്‍ എറണാകുളം ജില്ലാ പ്രസിഡന്‍റും കുന്നത്തുനാട് എംഎല്‍എയുമായ പി.വി.ശ്രീനിജിന്‍. കേരള ബ്ലാസ്റ്റേഴ്സുമായി കരാറുണ്ടെന്നും വാടകയുടെ കുടിശിക കിട്ടിയെന്നും സംസ്ഥാന സ്പോർട്സ് കൗൺസില്‍ അറിയിച്ചില്ലെന്ന് ശ്രീനിജിൻ വ്യക്തമാക്കി.
ജില്ലാ സ്പോർട്സ് കൗൺസില്‍ പ്രസിഡന്റെന്ന നിലയ്ക്ക് ഇക്കാര്യം തന്നെ അറിയിക്കേണ്ടതായിരുന്നു. സിലക്ഷൻ ട്രയൽസ് നടക്കേണ്ട സ്കൂളിന്റെ ഗേറ്റ് അടച്ചത് താനല്ലെന്നും, തുറന്നുകൊടുക്കേണ്ടെന്ന് പറഞ്ഞിരുന്നുവെന്നും ശ്രീനിജിൻ വിശദീകരിച്ചു. കുട്ടികൾ ദുരിതത്തിലായെന്ന വാർത്ത കണ്ടാണ് ഗേറ്റ് തുറക്കാൻ അനുമതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.‘‘സംസ്ഥാന സ്പോർട്സ് കൗൺസിലുമായി കേരള ബ്ലാസ്റ്റേഴ്സ് കരാറിൽ ഏർപ്പെട്ടുവെന്ന്, സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നിന്ന് ജില്ലാ സ്പോർട്സ് കൗൺസിലിന് ഇതുവരെ ഒരു അറിയിപ്പും വന്നിട്ടില്ല. സ്റ്റേഡിയം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ അധികാര പരിധിയിൽ വരുന്നതാണ്. സംസ്ഥാന സ്പോർട്സ് കൗൺസിലിന് ഏകപക്ഷീയമായി കരാറിൽ ഏർപ്പെടാൻ കഴിയില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കരാറിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ ജില്ലാ സ്പോർട്സ് കൗൺസിലിനെ അറിയിക്കേണ്ടേ? ജില്ലാ സ്പോർട്സ് കൗൺസിലാണ് ഇതിന്റെ സംരക്ഷകർ’’– ശ്രീനിജിൻ പറഞ്ഞു.
‘‘ജില്ലാ സ്പോർട്സ് കൗൺസിലുമായി കേരള ബ്ലാസ്റ്റേഴ്‍സിന് കഴിഞ്ഞ രണ്ടു വർഷമായി കരാറുണ്ടായിരുന്നു. നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടായിരുന്നു കരാർ. ഒന്നര വര്‍ഷം ജില്ലാ സ്പോർട്സ് കൗൺസിലിനാണ് പണം നൽകിയിരുന്നത്. കഴിഞ്ഞ 8 മാസമായി പണം നൽകുന്നില്ല. സംസ്ഥാന സ്പോർട്സ് കൗൺസിലുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ടെങ്കില്‍ അക്കാര്യം ജില്ലാ സ്പോർട്സ് കൗൺസിലിനെ അറിയിക്കാനുള്ള ബാധ്യതയുണ്ട്’’– അദ്ദേഹം പറഞ്ഞു. ‘‘ഗേറ്റ് അടച്ചിട്ടത് ഞാനല്ല. ഇന്ന് തുറന്നുകൊടുക്കേണ്ടെന്ന സമീപനം എടുത്തുവെന്നേയുള്ളൂ’’– അദ്ദേഹം കൂട്ടിച്ചേർത്തു.