ന്യൂഡൽഹി: പ്രതിപക്ഷ ഐക്യത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമന്ത്രി തേജസ്വി യാദവും തിങ്കളാഴ്ച കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയുമായി ചർച്ച നടത്തും.രാജ്യ തലസ്ഥാനത്തിന്റെ അധികാരവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരിന്റെ ഓർഡിനൻസുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കണ്ടതിന് പിന്നാലെയാണിത്.
യോഗത്തിന് ശേഷം നിതീഷ് കുമാർ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, തേജസ്വി യാദവ് എന്നിവർ മാധ്യമങ്ങളെ അഭിസംബോധന ചെയ്തിരുന്നു.തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് നൽകുന്ന അധികാരം എങ്ങനെ എടുത്തുകളയാൻ കഴിയുമെന്ന് നീതീഷ് കുമാർ ചോദിച്ചു. ഇത് ഭരണഘടനാ വിരുദ്ധമാണ്, ഞങ്ങൾ അരവിന്ദ് കെജരിവാളിനൊപ്പം നിൽക്കുന്നുവെന്നും അദ്ദേഹം നിലപാട് അറിയിച്ചു.രാജ്യത്തെ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒരുമിച്ച് കൊണ്ടുവരാൻ ഞങ്ങൾ ശ്രമിക്കുകയാണെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു.