കൊല്ലം: ഡോ. വന്ദനാദാസിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം വൈകാൻ സാദ്ധ്യത. ചില കെമിക്കൽ പരിശോധനകളുടെ ഫലവും മറ്റുചില ശാസ്ത്രീയ തെളിവുകളുടെ റിപ്പോർട്ടും വരാനുണ്ട്. ഇവകൂടി ലഭിച്ചശേഷമേ കുറ്റപത്രം തയ്യാറാക്കുന്ന ജോലികൾ ആരംഭിക്കൂ. ഇതിന് മാസങ്ങൾ വേണ്ടിവരുമെന്നാണ് സൂചന.
കേസിൽ അദ്ധ്യാപകൻ സന്ദീപ് മാത്രമാണ് പ്രതി. സന്ദീപിനെ വീട്ടിലും പരിസര വീടുകളിലും കൃത്യം നടന്ന കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലുമടക്കമെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു. 23വരെ ജുഡിഷ്യൽ കസ്റ്റഡിയിലാണ് സന്ദീപ്. ഇതിനകം ഇരുന്നൂറിൽപ്പരം ആളുകളുടെ മൊഴി രേഖപ്പെടുത്തി. സ്കൂൾ തുറക്കുന്ന മുറയ്ക്ക് സന്ദീപ് പഠിപ്പിക്കുന്ന വിദ്യാലയത്തിൽ അന്വേഷണ സംഘമെത്തി കുട്ടികളിൽ ചിലരുടെ മൊഴികൂടി രേഖപ്പെടുത്തും. സന്ദീപിന്റെ സ്വഭാവ രീതികളെപ്പറ്റിയാണ് ചോദിച്ചറിയുക. താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെല്ലാം സന്ദീപിനെതിരായുള്ള മൊഴികളാണ് നൽകിയത്.
സംഭവം നടക്കുന്ന ദിവസം സന്ദീപ് മദ്യലഹരിയിൽ ആയിരുന്നില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. മറ്റെന്തെങ്കിലും ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നോയെന്നതിൽ വ്യക്തത വന്നിട്ടില്ല. ആശുപത്രിയിൽ വച്ച് കത്രിക കൈക്കലാക്കാനും ഡോക്ടർ അടക്കമുള്ളവരെ കുത്തുന്നതിന് കാരണമെന്താണെന്നതിനും ഉത്തരം ലഭിച്ചാൽ കേസ് അന്വേഷണം ഏറക്കുറെ പൂർത്തിയാകുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.എം.ജോസ് പറഞ്ഞു. 23ന് ഓൺലൈനിൽ മജിസ്ട്രേറ്റിന് മുന്നിൽ സന്ദീപിനെ ഹാജരാക്കും. ജാമ്യാപേക്ഷ 27ന് പരിഗണിക്കും.