തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എസ്എഫ്ഐ ആൾമാറാട്ടത്തിൽ പാർട്ടി അന്വേഷണം നടത്താൻ സിപിഎം തീരുമാനം. ഇതിനായി രണ്ടംഗ അന്വേഷണ കമ്മിഷനെ തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് നിയോഗിച്ചു.
ഡി.കെ മുരളി, പുഷ്പലത എന്നിവരാണ് കമ്മിഷൻ അംഗങ്ങൾ. തിരിമറിയിൽ സിപിഎം നേതാക്കൾക്ക് പങ്കുണ്ടോ എന്നതടക്കം പരിശോധിക്കും. സംഭവത്തെതുടർന്ന് വലിയ വിമർശനമാണ് പാർട്ടിക്ക് അകത്തും പുറത്തും ഉയർന്ന് വന്നത്. ഇതോടെയാണ് പാർട്ടി അന്വേഷണത്തിന് കമ്മീഷനെ നിയോഗിച്ചത്.സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടു കോളജിനെ പ്രതിനിധാനം ചെയ്യുന്ന പ്രദേശത്തെ എംഎൽഎ ഐ.ബി.സതീഷും തൊട്ടടുത്ത അരുവിക്കര എംഎൽഎ ജി. സ്റ്റീഫനും പാർട്ടിക്ക് പരാതി നൽകിയിരുന്നു. സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്നു വ്യക്തമാക്കിയാണ് ഇരുവരും വിശദ അന്വേഷണം ആവശ്യപ്പെട്ടു പാർട്ടിക്കു കത്തു നൽകിയത്. കഴിഞ്ഞ ദിവസം നടന്ന സിപിഎം ജില്ലാ കമ്മിറ്റിയിൽ മുതിർന്ന നേതാക്കളുടെ പിന്തുണയില്ലാതെ ഇത്തരം ക്രമക്കേട് നടക്കാൻ സാധ്യതയില്ലെന്ന വിമർശനം ഉയർന്നിരുന്നു.
സംഭവത്തിൽ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. കോളജ് പ്രിൻസിപ്പൽ ജി.ജെ. ഷൈജു ഒന്നാം പ്രതിയും എസ്എഫ്ഐ നേതാവ് എ.വിശാഖിനെ രണ്ടാം പ്രതിയുമാണ്.സംഭവത്തെക്കുറിച്ച് പഠിച്ച് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ റജിസ്ട്രാറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ടി വന്നതു മൂലമുള്ള സാമ്പത്തിക നഷ്ടം ബന്ധപ്പെട്ടവരിൽനിന്ന് ഈടാക്കും. ഇത് എങ്ങനെ വേണമെന്നു റജിസ്ട്രാർ ശുപാർശ ചെയ്യും.
അടുത്ത ദിവസങ്ങളിൽ ഇരുവരേയും കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുന്നത് അടക്കമുള്ള നടപടി പോലീസ് സ്വീകരിക്കും. ആൾമാറാട്ട സംഭവത്തിൽ പ്രിൻ സിപ്പലിനും എസ്എഫ്ഐ നേതാവിനുമെതിരേ ക്രിമിനൽ കേസെടുത്തു വിശദ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു കേരള സർവകലാശാല, സംസ്ഥാന പോലീസ് മേധാവിക്കു നൽകിയ പരാതിയിലാണു നടപടി. വൈകുന്നേരത്തോടെ ഡിജിപി അനിൽ കാന്ത്, പരാതി കാട്ടാക്കട പോലീസിനു കൈമാറി. മണിക്കൂറുകൾക്കുള്ളിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുക യായിരുന്നു.