അവിശ്വസനീയ ജയത്തോടെ ലഖ്നൗ പ്ലേ ഓഫിലേക്ക്

കൊൽക്കത്ത : കൊൽക്കത്ത നൈറ്റ് റൈസേഴ്‌സിനെ ഒരു റൺസിന് തോൽപിച്ച് ഈ വർഷത്തെ ഐപിഎൽ സീസണിൽ പ്ലേ ഓഫിലെത്തുന്ന മൂന്നാം ടീമായി ലഖ്‌നൗ സൂപ്പർ ജയന്റ്സ്. 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കെകെആർ ജയിക്കുമെന്ന് തോന്നിയ മത്സരത്തിൽ അവിശ്വസനീയമായി പ്ലേ ഓഫ് ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു ലഖ്‌നൗ. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ലഖ്നൗ 176 റൺസ് നേടിയപ്പോൾ 20ഓവറിൽ കൊൽക്കത്തയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് നേടാനെ കഴിഞ്ഞൊള്ളു. 

അവസാന ഓവറുകളിൽ റിങ്കു സിം​ഗ് തകർപ്പൻ പ്രകടനം പുറത്തെടുത്തെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല. തുടക്കം ​ഗംഭീരമാക്കിയ കെകെആർ ബാറ്റിങ് നിര പിന്നീട് തകർന്നപ്പോൾ റിങ്കു വെടിക്കെട്ട് പ്രകടനം കാഴ്ച്ചവയ്ക്കുകയായിരുന്നു. 33 പന്തിൽ ആറ് ഫോറും 4 സിക്‌സുമായി 67* റൺസെടുത്ത് താരം പുറത്താവാതെ നിന്നു. 

ജേസൻ റോയിയും വെങ്കടേഷ് അയ്യരും ചേർന്ന് കൊൽക്കത്തയ്‌ക്ക് മികച്ച തുടക്കം തന്നെയാണ് സമ്മാനിച്ചത്. ആദ്യ അഞ്ച് ഓവർ പിന്നിട്ടപ്പോൾ സ്കോർ ബോർഡ് 60 കടന്നിരുന്നു. വെങ്കടേഷ് 15 പന്തിൽ 24 റൺസും റോയി 28 ബോളിൽ 45 റൺസുമെടുത്തു. നായകൻ നിതീഷ് റാണ എട്ട് റൺസ് മാത്രം നേടി പുറത്തായി. റഹ്‌മാനുള്ള ഗുർബാസും റിങ്കുവും ചേർന്ന് 13-ാം ഓവറിൽ ടീം സ്കോർ 100 കടത്തി. അവസാന മൂന്നോവറിൽ ജയിക്കാൻ 51 വേണമെന്ന നിലയിലാണ് പിന്നെ കെകെആർ. 19-ാം ഓവറിൽ മാത്രം 20 റൺസാണ് റിങ്കു സിംഗിന്റെ ബാറ്റിൽ നിന്ന് പിറന്നത്. പക്ഷെ ജയിക്കാൻ അവസാന രണ്ട് പന്തും സിക്സടിക്കണം എന്ന നിലയായിരുന്നു. എന്നാൽ, ഒരു ഫോറും ഒരു സിക്സും മാത്രമാണ് നേടാനായത്. 

ലഖ്‌നൗവിനായി രവി ബിഷ്‌ണോയിയും യഷ് താക്കൂറും രണ്ട് വീതവും ക്രുനാൽ പാണ്ഡ്യയും കെ ഗൗതവും ഓരോ വിക്കറ്റും നേടി. നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലഖ്നൗ അർധസെഞ്ചുറി തികച്ച നിക്കോളാസ് പുരാന്റെ മികവിലാണ് മികച്ച സ്കോർ കണ്ടെത്തിയത്. 30 പന്തിൽ നാല് ഫോറും അഞ്ച് സിക്‌സറും സഹിതം 58 റൺസെടുത്താണ് പുരാൻ മടങ്ങിയത്. 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *