തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികമായ ഇന്ന് യുഡിഎഫ് സംസ്ഥാന ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് വളയും.
രാവിലെ ഏഴോടെ തിരുവനന്തപുരം ജില്ലയിലെ യുഡിഎഫ് പ്രവർത്തകരാണു സെക്രട്ടേറിയറ്റിന്റെ എല്ലാ ഗേറ്റുകളും വളഞ്ഞത്. ഉച്ചവരെയാണു സെക്രട്ടേറിയറ്റ് വളയൽ സമരം.
രാവിലെ എട്ടോടെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രവർത്തകരും ഒൻപതിന് ഇടുക്കി, എറണാകുളം ജില്ലയിലെ പ്രവർത്തകരും സെക്രട്ടേറിയറ്റിനു മുന്നിൽ അണിനിരന്നു.
രാവിലെ 10ന് സെക്രട്ടേറിയറ്റ് വളയൽ സമരത്തിന്റെ ഉദ്ഘാടനം എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ നിർവഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അധ്യക്ഷത വഹിക്കും.
എൽഡിഎഫ് സർക്കാരിന്റെ ദുർഭരണത്തിനും ജനദ്രോഹത്തിനും അഴിമതിയ്ക്കും നികുതി കൊള്ളയ്ക്കുമെതിരെയാണ് യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയൽ പ്രതിഷേധം.
ജനങ്ങളുടെ ദുരിതജീവിതത്തിന്റെ രണ്ടാം വാർഷിക ദിനത്തിൽ പിണറായി സർക്കാരിനെതിരേയുള്ള കുറ്റപത്രം യുഡിഎഫ് ജനസമക്ഷം സമർപ്പിക്കുമെന്നു കണ്‍വീനർ എം.എം. ഹസൻ അറിയിച്ചു.