തിരുവനന്തപുരം : എഐ കാമറാ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്ന് വ്യവസായ മന്ത്രി പി.രാജീവ്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലെന്ന് മന്ത്രി പറഞ്ഞു.
കെല്‍ട്രോണിന് കരാര്‍ നല്‍കിയത് ടെക്നിക്കല്‍ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ്. കരാര്‍ വ്യവസ്ഥകളിലും ടെന്‍ഡര്‍ നടപടികളിലും കെല്‍ട്രോണിന് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. കെല്‍ട്രോണിനെ സംരക്ഷിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ടെന്നും മന്ത്രി അറിയിച്ചു.
സേഫ് കേരളാ പദ്ധതിക്കായുള്ള കെല്‍ട്രോണിന്റെ ടെന്‍ഡര്‍ നടപടികള്‍ സിവിസി മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് നടന്നിരിക്കുന്നത്. കെല്‍ട്രോണും എസ്ആര്‍ഐടിയും തമ്മിലാണ് കരാര്‍.
ഉപകരാറുകാരുടെ പേരുകള്‍ കരാറില്‍ പരാമര്‍ശിക്കേണ്ട കാര്യമില്ലായിരുന്നു. അത് മാത്രമാണ് കരാറിലെ ഏക വീഴ്ചയായി കണ്ടെത്തിയിട്ടുള്ളതെന്നും മന്ത്രി അവകാശപ്പെട്ടു.
ഡാറ്റാ സുരക്ഷാ, ഡാറ്റാ ഇന്റഗ്രിറ്റി, ഫെസിലിറ്റി മാനേജ്മെന്റ് ഉപകരണങ്ങളുടെ കോണ്ഫിഗറേഷന് എന്നിവയൊഴികെ മറ്റെല്ലാ കാര്യങ്ങള്‍ക്കും ഉപകരാര്‍ അനുവദനീയമാണ്. ഈ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടാണ് ഉപകരാര്‍ നല്‍കിയിരിക്കുന്നത്.
ടെന്‍ഡറുമായി ബന്ധപ്പെട്ട രേഖകള്‍ അതത് ഘട്ടത്തില്‍തന്നെ ഇ-പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്തിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു.
പരാതികള്‍ ഒഴിവാക്കാന്‍ ഭാവിയില്‍ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ഉന്നതാധികാര സമിതിക്ക് ആദ്യം തന്നെ രൂപം നല്‍കുമെന്നും മന്ത്രി പ്രതികരിച്ചു.