മന്ത്രി സ്ഥാനത്തിന് സമ്മർദ്ദം, സാമുദായിക സമവാക്യങ്ങൾ; കർണാടക സത്യപ്രതിജ്ഞ നാളെ

ബം​ഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച അനിശ്ചിതത്വങ്ങൾ അവസാനിച്ചതിന് പിന്നാലെ മന്ത്രിസഭയിൽ ആരെയൊക്കെ എടുക്കണണമെന്നത് സംബന്ധിച്ച് ഡൽ​ഹിയിൽ കൂടിയാലോചനകൾ. ഇതിന്റെ ഭാ​ഗമായി സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഇന്ന് ഡൽഹിയിലെത്തും. നാളെയാണ് സത്യപ്രതിജ്ഞ. ഇന്ന് ഹൈക്കമാൻഡുമായി കൂടിയാലോചിച്ചാകും അന്തിമ തീരുമാനം. 

നിരവധി പേർ മന്ത്രി സ്ഥാനത്തിന് അവകാശവുമായി നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. പരമാവധി 34 പേരെയാണ് മന്ത്രിസഭയിൽ ഉൾക്കൊള്ളിക്കാൻ സാധിക്കുക. ലിം​ഗായത്ത്, ദളിത്, മുസ്ലീം വിഭാ​ഗങ്ങളിൽ നിന്നു ഉപമുഖ്യമന്ത്രി സ്ഥാനത്തിന് വലിയ സമ്മർദ്ദമുണ്ട്. സാമുദായിക സമവാക്യങ്ങൾ പാലിക്കുക എന്നതും പ്രധാന വകുപ്പുകൾ വിഭജിക്കുന്നതും നേതൃത്വത്തിനു വെല്ലുവിളികളാണ്. 

ഇന്നലെ വൈകീട്ട് ബംഗളൂരുവില്‍ നടന്ന പാര്‍ട്ടി നിയമസഭാകക്ഷി യോഗം സിദ്ധരാമയ്യയെ നേതാവായി തിരഞ്ഞെടുത്തു. നാളെ 12.30നാണ് സത്യപ്രതിജ്ഞ. സര്‍ക്കാരുണ്ടാക്കാന്‍ അവകാശമുന്നയിച്ച് സിദ്ധരാമയ്യയും ഡികെ ശിവകുമാറും രാജ്ഭവനിലെത്തി ഗവര്‍ണര്‍ താവര്‍ചന്ദ് ഗഹ്‌ലോട്ടിനെ കണ്ടു. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായും ശിവകുമാറിനെ ഉപമുഖ്യമന്ത്രിയായും മറ്റു മന്ത്രിമാരോടൊപ്പം സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ച് ഗവര്‍ണര്‍ കത്തു നല്‍കി.

അതിനിടെ, സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ പാർട്ടികളുടെ സം​ഗമ വേദിയാക്കാനാണ് കോൺ​ഗ്രസ് ശ്രമിക്കുന്നത്. ചടങ്ങിന് മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണമില്ല. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി എന്നിവർക്കും ക്ഷണമില്ല.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ഹിമാചല്‍ മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിങ് സുഖു, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഫ് അബ്ദുള്ള, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവര്‍ക്കാണ് ക്ഷണമുള്ളത്. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ നിന്ന് സത്യപ്രതിജ്ഞാ ചടങ്ങിന് എത്തുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *