ഹിരോഷിമ: സന്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7ന്റെ ത്രിദിന ഉച്ചകോടി ഇന്നുമുതൽ ജപ്പാനിലെ ഹിരോഷിമയിൽ നടക്കും. യുക്രെയ്നിൽ അധിനിവേശം തുടരുന്ന റഷ്യയെയും തായ്വാൻ വിഷയത്തിൽ ആക്രമണോത്സുകത കാണിക്കുന്ന ചൈനയെയും പിടിച്ചുകെട്ടാനുള്ള നടപടികളായിരിക്കും പ്രധാന ചർച്ചാവിഷയം.
ജപ്പാനു പുറമേ ജി-7ൽ അംഗങ്ങളായ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, കാനഡ, ഇറ്റലി, യൂറോപ്യൻ യൂണിയൻ എന്നിവയുടെ നേതാക്കൾ ഇന്നലെ ഹിരോഷിമയിലെത്തി. ഇന്ത്യ, ബ്രസീൽ, ഓസ്ട്രേലിയ, ഇന്തോ നേഷ്യ, ദക്ഷിണകൊറിയ രാജ്യങ്ങൾ ക്ഷണിതാക്കളായും പങ്കെടുക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ജപ്പാനിലെത്തും.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് എന്നിവരുമായി ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിഡ ഇന്നലെ വെവ്വേറെ ചർച്ചകൾ നടത്തി.
ഇന്തോ-പസഫിക് മേഖലയുടെ സമാധാനത്തിന്റെയും സുരക്ഷയുടെയും അടിസ്ഥാനം ജപ്പാനും അമേരിക്കയും തമ്മിലുള്ള സഖ്യമാണെന്ന് കിഷിഡ പറഞ്ഞു. ഇരു രാജ്യങ്ങളും ഒരുമിച്ചുനിൽക്കുന്പോൾ ലോകംതന്നെ സുരക്ഷിതമാണെന്നു ബൈഡൻ പ്രതികരിച്ചു.
ആദ്യമായി അണ്വായുധം പ്രയോഗിക്കപ്പെട്ട ഹിരോഷിമ നഗരത്തിലെ ഉച്ചകോടിയിൽ ഉത്തരകൊറിയ അടക്കമുള്ള രാജ്യങ്ങൾ ഉയർത്തുന്ന ആണവഭീഷണിയും പ്രധാന ചർച്ചാവിഷയമാണ്. ആഗോളതലത്തിൽ സാന്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനുമുള്ള നടപടികൾ ജി-7ൽനിന്നു പ്രതീക്ഷിക്കപ്പെടുന്നു.
ഇതിനിടെ, ഇന്നലെ മുതൽ ചൈനയിൽ മധ്യേഷ്യൻ രാജ്യങ്ങളുടെ ദ്വിദിന ഉച്ചകോടി ആരംഭിച്ചു. കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ നേതാക്കളാണ് പങ്കെടുക്കുന്നത്.