ന്യൂഡല്‍ഹി; കേരള സ്റ്റോറി സിനിമയ്ക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം സുപ്രീംകോടതി സ്റ്റേ ചെയ്തു. ചിത്രത്തിന്റെ പ്രദര്‍ശനം പ്രത്യക്ഷമായോ പരോക്ഷമായോ തടയരുത്. ബംഗാളില്‍ സിനിമ പ്രദര്‍ശിപ്പിച്ചാല്‍ തിയറ്ററുകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.
പൊതു വികാരത്തിന്റെ അടിസ്ഥാനത്തില്‍ മൗലികാവകാശത്തെ നിര്‍ണയിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. സിനിമ ഇഷ്ടമല്ലെങ്കില്‍ കാണരുത്. അധികാരം മിതമായി പ്രയോഗിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. സിനിമയുടെ പൊതു പ്രദര്‍ശനത്തെയാണ് നിരോധിച്ചതെന്നും, ഒടിടിയില്‍ കാണുന്നതില്‍ പ്രശ്നമില്ലെന്നും ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു.
32000 പേര് കാണാതായെന്ന് സിനിമയില്‍ പറയുന്നു. ഇത് വസ്തുതകളെ വളച്ചൊടിക്കുന്നതാണെന്ന് നിര്‍മ്മാതാക്കളുടെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുമ്പോള്‍ തന്നെ ഒരു സമൂഹത്തെ അപകീര്‍ത്തിപ്പെടുത്താന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
32000 പേരെ സിറിയയിലേക്ക് കൊണ്ടുപോയി മതം മാറ്റി എന്നതിന് കൃത്യമായ രേഖകള്‍ ഇല്ലെന്ന് നിര്‍മ്മാതാക്കളുടെ അഭിഭാഷകന് കോടതിയില്‍ അറിയിച്ചു. ഇക്കാര്യം സാങ്കല്‍പ്പികമെന്ന് സ്ക്രീനില്‍ എഴുതിക്കാണിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വേനല്‍ അവധിക്ക് ശേഷം സുപ്രീം കോടതി വിശദമായ വാദം കേള്‍ക്കും. കേസ് വീണ്ടും ജൂലൈ രണ്ടാം വാരം പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സിനിമയുടെ പ്രദര്‍ശനത്തിന് വേണ്ട സുരക്ഷ നല്കാന് തമിഴ്നാട് സര്‍ക്കാരിനും സുപ്രീംകോടതി നിര്‍ദേശം നല്കി.