തിരുവനന്തപുരം: മരണവീടുപോലെ ശോകമൂകമായ കേരളത്തില്‍ നൂറുകോടിയോളം രൂപ മുടക്കി പിണറായി സര്‍ക്കാര്‍ നടത്തുന്ന വാര്‍ഷികാഘോഷം അങ്ങേയറ്റം നെറികേടാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ജനങ്ങളെ പരമാവധി ദ്രോഹിക്കുകയും അഴിമതി കൊടികുത്തി വാഴുകയും മുഖ്യമന്ത്രി തന്നെ അതിന്റെ ആചാര്യനായി മാറുകയും ചെയ്ത അതീവ ഗുരുതരമായ ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ വാര്‍ഷിക ദിനമായ മെയ് 20, കേരളത്തിന് ദുരന്ത ദിനമാണ്.
രണ്ടു വര്‍ഷം മാത്രം പ്രായമുള്ള തമിഴ്നാട്ടിലെ എംകെ സ്റ്റാലിന് സര്‍ക്കാര്‍, രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ തുടങ്ങിയ നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ കണ്ണഞ്ചുന്ന പ്രകടനം നടത്തിയപ്പോള്‍, പിണറായി സര്‍ക്കാര്‍ കണ്ണഞ്ചുന്ന അഴിമതികള്‍ നടത്തി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 5 വര്‍ഷം കൊണ്ട് കൈവരിച്ച നേട്ടങ്ങള്‍ ഇല്ലാതാക്കിയതല്ലാതെ മറ്റൊരു നേട്ടവും 7 വര്‍ഷമായ പിണറായി സര്‍ക്കാരിനില്ലെന്നും അദ്ദേഹം ആരോപിച്ചു.
തമിഴ്നാട്ടില്‍ 2 വര്‍ഷംകൊണ്ട് 222 ധാരാണപത്രം ഒപ്പിട്ട് 2,72,322 കോടി രൂപയുടെ വ്യവസായമെത്തുകയും 4.09 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്തു.സംരംഭകരെ കൊലയ്ക്കു കൊടുക്കുകയും നാടുകടത്തുകയും ചെയ്യുന്ന കേരളത്തിലെ കാരണഭൂതന്മാര്‍ തൊഴില്‍ നല്‍കാതെയും ഉള്ള തൊഴിലുകള്‍ പാര്‍ട്ടിക്കാര്‍ക്ക് നല്‍കിയും ലക്ഷക്കണക്കിന് യുവാക്കളെ ആട്ടിയോടിച്ച് കേരളത്തെ വൃദ്ധസദനമാക്കി. തമിഴ്നാട്ടില്‍ മാസംതോറും വനിതകള്‍ക്ക് 1000 രൂപ ധനസഹായവും സൗജന്യയാത്രയും 47,034 കോടി രൂപ ബാങ്ക് വായ്പയും നല്കുമ്പോള്, ഇവിടെ ക്ഷേമപെന്‍ഷന്‍പോലും നല്‍കുന്നില്ല.
രാജസ്ഥാനില്‍ ആരോഗ്യത്തിനുള്ള അവകാശം നടപ്പാക്കിയ അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ 25 ലക്ഷം രൂപവരെയുള്ള എല്ലാ ചികിത്സകളും സൗജന്യമാക്കിയപ്പോള്‍ കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍വച്ച് ഡോക്ടര്‍ക്ക് കുത്തേറ്റിട്ട് ചികിത്സനല്കാന് ദൂരെയുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ഓടേണ്ടി വന്നു. യുഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച കാരുണ്യപദ്ധതിയെയും ആശ്വാസ കിരണ്‍ ഉള്‍പ്പെടെ എല്ലാ പദ്ധതികളെയും തുലച്ചു. നികുതിഭാരംകൊണ്ട് നടുവൊടിഞ്ഞ അവസ്ഥയിലാണ് സാധാരണജനങ്ങള്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇമ്പമുള്ള ഉപദേശം നല്കുന്ന മുഖ്യമന്ത്രിക്ക് അവര്‍ക്ക് നല്‍കാനുള്ള 20,000 കോടി കോടി രൂപയുടെ ശമ്പള, പെന്ഷന് കുടിശികയെക്കുറിച്ച് മിണ്ടാട്ടമില്ല.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം,സ്മാര്‍ട്ട് സിറ്റി,ലൈറ്റ് മെട്രോ തുടങ്ങിയ വമ്പന്‍ പദ്ധതികളുമായി മുന്നേറിയപ്പോള്‍ പിണറായി സര്‍ക്കാരിന് എടുത്ത പറയാവുന്ന ഒരു ചെറിയ പദ്ധതിപോലും സ്വന്തമായില്ല. ദേശീയപാതാ വികസനം, ഗെയില്‍ പദ്ധതി തുടങ്ങിയവ സിപിഎം ഉയര്‍ത്തിയ വന്‍ പ്രതിഷേധത്തെ മറികടന്നും യുഡിഎഫ് മുന്നോട്ടുകൊണ്ടുപോയി.യുഡിഎഫ് സര്‍ക്കാര്‍ കേരളം ഭരിച്ചിരുന്നെങ്കില്‍ വിഴിഞ്ഞം പദ്ധതി പണ്ടേ സാക്ഷാത്കരിക്കുമായിരുന്നു. മദ്യവിമുക്തമാക്കുമെന്ന് വാഗ്ദാനം ചെയ്തവര്‍ നൂറു കണക്കിന് ബാറുകള്‍ തുറന്ന് കേരളത്തെ മദ്യത്തില്‍ മുക്കി. സര്‍ക്കാര്‍ ജീവനക്കാരുടെ സ്റ്റാറ്റിയൂട്ടറി പെന്ഷന് പദ്ധതി പഴയപടി ആക്കുമെന്ന വാഗ്ദാനം പിണറായി മറന്നെങ്കിലും രാജസ്ഥാന് സര്‍ക്കാര്‍ നടപ്പാക്കി.
40 വാഹനങ്ങളുടെയും അനേകം സുരക്ഷാഭടന്മാരുടെയും അകമ്പടിയോടെ മുഖ്യമന്ത്രി പുറത്തിറങ്ങുമ്പോള്‍ നാടെങ്ങും കറുത്ത കൊടി ഉയരുകയാണ്. ജനങ്ങളുടെ ഇടയിലേക്ക് സ്വതന്ത്രമായി ഇറങ്ങാന്‍ ഇരട്ടച്ചങ്കനു ധൈര്യമുണ്ടോയെന്നു വെല്ലുവിളിക്കുന്നു. ജനങ്ങളെ ഇത്രയധികം വെറുപ്പിക്കാന്‍ കേരളത്തില്‍ എന്നല്ല ഇന്ത്യയില്‍പ്പോലും മറ്റൊരു ഭരണാധികാരിക്കും സാധിച്ചിട്ടില്ലെന്നു സുധാകരന് പറഞ്ഞു.