ചെന്നൈ: 21 പേരുടെ ജീവനെടുത്ത തമിഴ്നാട്ടിലെ മദ്യദുരന്തത്തില്‍ ചെന്നൈ ആസ്ഥാനമായുള്ള ഫാക്ടറി ഉടമയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. ഫാക്ടറി ഉടമ, ഇയാളിൽ നിന്ന് മെഥനോൾ വാങ്ങിയ രണ്ടുപേർ, കടത്താൻ സഹായിച്ചവർ എന്നിവരുൾപ്പെടെ 16 പേരെ അറസ്റ്റ് ചെയ്യുകയും കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്.
ജയശക്തി പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമയായ ഇളയനമ്പി 1200 ലിറ്റർ മെഥനോൾ രണ്ട് പേർക്ക് അനധികൃതമായി വിറ്റതായി പൊലീസ് മേധാവി പ്രസ്താവനയിൽ പറഞ്ഞു. കോവിഡ് മഹാാരിക്കാലത്ത് ഉപയോഗശൂന്യമായി കെട്ടിക്കിടന്ന മെഥനോളാണ് ഇയാള്‍ വിറ്റതെന്നും പൊലീസ് പറഞ്ഞു.
സംസ്ഥാനത്ത് അനധികൃത മദ്യത്തിനെതിരെയുള്ള നടപടി ജനങ്ങളെ വ്യാവസായിക മെഥനോൾ ഉപയോഗത്തിലേക്ക് നയിക്കുകയാണെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ശൈലേന്ദ്രബാബു പറഞ്ഞു. അനധികൃത മദ്യം പരിശോധിച്ചതിന്റെ പേരിൽ മാത്രമാണ് ആളുകൾ മെഥനോളിലേക്ക് പോകുന്നത്, അദ്ദേഹം പറഞ്ഞു.രണ്ടുപേരും ചേർന്ന് 8 ലിറ്ററോളം മെഥനോള്‍ രണ്ടുപേർക്ക് വിതരണം ചെയ്തു. വില്ലുപുരം, ചെങ്കൽപട്ട് ജില്ലകളിലായി 21 പേരുടെ മരണത്തിനിടയാക്കിയ മദ്യദുരന്തത്തില്‍ 30 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ബാക്കി 1,192 ലിറ്റർ മെഥനോൾ പിടിച്ചെടുത്തതായി പൊലീസ് മേധാവി അവകാശപ്പെട്ടു. 1,200 ലിറ്റർ 60,000 രൂപയ്ക്ക് വിറ്റെന്നും ഇളയനമ്പി കൂട്ടിച്ചേർത്തു. എല്ലാ ഫാക്ടറികളിലും നിർമ്മാണ യൂണിറ്റുകളിലും മെഥനോളിന്റെ സ്റ്റോക്ക് വെരിഫിക്കേഷൻ നടത്തുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ വില്ലുപുരം പൊലീസ് സൂപ്രണ്ടും രണ്ട് ഡെപ്യൂട്ടിമാരും ഉൾപ്പെടെ 10 പൊലീസ് ഉദ്യോഗസ്ഥരെ സംസ്ഥാന സർക്കാർ സസ്‌പെൻഡ് ചെയ്തു. കൂടാതെ ചെങ്കൽപട്ടിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയും ചെയ്തു.
വ്യാവസായിക മെഥനോൾ ലഭ്യത കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ഉറപ്പ് നൽകിയ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.