മണിപ്പൂർ: ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസ നഷ്ടമായെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് നിവേദനം സമര്‍പ്പിച്ച് മണിപ്പൂർ എംഎല്‍എമാര്‍. ഏറ്റവും പുതിയ സംഭവങ്ങളുടേയും,കലാപത്തിന്റെയും പശ്ചാത്തലത്തില്‍ ചിന് കൂകി മിസോ സോമി ഹമര്‍ സമുദായത്തെ പ്രതിനിധീകരിക്കുന്ന മണിപ്പൂരില്‍ നിന്നുള്ള 10 എല്‍എല്‍എ മാരാണ് അമിത്ഷായ്ക്ക് നിവേദനം നല്‍കിയത്.
മെയ്3 ന് കലാപം പൊട്ടിപ്പുറപ്പെട്ടതോടെ താഴ്വാരത്ത് തങ്ങളുടെ സമുദായക്കാരായ ജനങ്ങള്‍ക്ക് അധികകാലം ഇനി ജീവിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം തലസ്ഥാന നഗരിയില്‍ നടന്ന യോഗത്തില്‍ ഏഴ് ബിജെപി എംഎല്‍എ മാരും കൂകി പീപ്പിള്‍സ് അലയന്‍സിലെ രണ്ട് എംഎല്‍എമാരും ഒരു സ്വതന്ത്രനുമായിരുന്നു കലാപവുമായ ബന്ധപ്പെട്ട വിവരങ്ങള്‍ അമിത്ഷായെ അറിയിച്ചത്.
ഇതിനൊപ്പം തങ്ങളുടെ സമുദായങ്ങള്‍ക്ക് വെവ്വേറെ ഭരണസംവിധാനം വേണമെന്ന് ഇവര്‍ അറിയിക്കുകയും ചെയ്തു. മണിപ്പൂര്‍ സര്‍ക്കാരിലുള്ള തങ്ങളുടെ വിശ്വാസം നഷ്ടമായെന്നും സുരക്ഷിതമായി താഴ്വാരത്ത് അധികകാലം കഴിയാനാകില്ലെന്നും നിവേദനത്തില്‍ പറഞ്ഞിട്ടുണ്ട്.മണിപ്പൂര്‍ സര്‍ക്കാരിന്റെ വിശ്വാസ തകര്‍ച്ചയെക്കുറിച്ചും താഴ്വാരത്ത് തങ്ങളുടെ സമൂഹം നേരിടുന്നസുരക്ഷാവെല്ലുവിളികളെക്കുറിച്ചുമായിരുന്നു മൂന്നു പേജുകള്‍ വരുന്ന നിവേദനത്തില്‍ പ്രധാനമായും പറഞ്ഞിട്ടുള്ളത്.
മെയ് 3 മുതല്‍ സംസ്ഥാനം അശാന്തമായി നീങ്ങിയിട്ടും ഒരു കേന്ദ്രമന്ത്രിമാര്‍ പോലും അവിടെ സന്ദര്‍ശനത്തിന് എത്തിയില്ലെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മെയ്ത്തി സമുദായത്തിന്റെ ആവശ്യം മുന്‍ നിര്‍ത്തി പത്തു മലയോര ജില്ലകളില്‍ പ്രതിപക്ഷം റാലി നടത്തിയിട്ടും കേന്ദ്രമന്ത്രിസഭയില്‍ നിന്നും ഒരാള്‍ പോലും സംസ്ഥാനം സന്ദര്‍ശിക്കാന്‍ തയ്യാറായില്ല. മലയോര മേഖലയില്‍ കൂടുതലും കൂകി, നാഗാ ഗോത്രക്കാരാണ്. പ്രതിഷേധത്തിന്റെ മുന്നില്‍ നിന്നതും ഇവരായിരുന്നു.