മാഞ്ചസ്റ്റർ : ചാമ്പ്യൻസ് ലീഗ് നോക്ക്ഔട്ട് മത്സരങ്ങളിൽ ഏറെ കീർത്തികേട്ട റയൽ മാഡ്രിഡ് നിരയെ ഏകപക്ഷീയമായ നാല് ഗോളിന് നാണം കെടുത്തി മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ. എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പാദ സെമി ഫൈനൽ പോരാട്ടത്തിൽ ബെർണാഡോ സിൽവയുടെ ഇരട്ടഗോളുകളാണ് അഗ്രിഗേറ്റ് സ്കോറിൽ 5-1ന് വിജയിച്ച് മാഞ്ചസ്റ്റർ സിറ്റി ഇസ്താംബുളിൽ നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടാൻ സിറ്റിയെ സഹായിച്ചത്. ഫൈനലിൽ ഇന്റർ മിലാനാണ് എതിരാളികൾ.
റയൽ മാഡ്രിഡിന് പോലും തോൽപ്പിക്കാൻ കഴിയുന്ന ടീമല്ല മാഞ്ചസ്റ്റർ സിറ്റിയെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു ഇത്തിഹാദ് സ്റ്റേഡിയത്തിൽ കണ്ടത്. ആദ്യപകുതിയിൽ 14 തവണ യൂറോപ്യൻ ചാമ്പ്യൻമാരായ മാഡ്രിഡ് താരങ്ങൾ പന്തിനായി ഓടിനടക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. കളിയുടെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച സിറ്റി നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ചു. എർലിംഗ് ഹാലൻഡിൻ്റെ എണ്ണം പറഞ്ഞ രണ്ട് ഹെഡറുകൾ മാഡ്രിഡ് കീപ്പർ തിബൗട്ട് കോർട്ടോയിസ് സേവ് ചെയ്തു.
മാഡ്രിഡ് ഗോൾ മുഖത്തേക്ക് നിറയൊഴിച്ചുകൊണ്ടിരുന്ന സിറ്റിയുടെ അശ്രാന്ത ശ്രമങ്ങൾക്ക് 23-ാം മിനിറ്റിൽ ഫലം കണ്ടു. മാഡ്രിഡ് പ്രതിരോധം പിളർന്ന് ഡി ബ്രൂയിൻ്റെ പാസ് നേരെ ബെർണാഡോ സിൽവയ്ക്ക്, തന്റെ ഇടത് കാൽ മുറിച്ചുമാറ്റി ഉതിർത്ത ഷോട്ട് നേരെ വലയിൽ. പതിനഞ്ച് മിനിറ്റിന് ശേഷം പോർച്ചുഗീസ് താരം രണ്ടാം ഗോൾ നേടി. ഇത്തവണ ഒരു റീബൗണ്ടിൽ നിന്ന് ഹെഡറിലൂടെ ആയിരിന്നു ബെർണാഡോ സിൽവയുടെ ഗോൾ. ആദ്യപകുതി അവസാനിക്കുമ്പോൾ സ്കോർ 2-0. അഗ്രിഗേറ്റ് സ്കോർ 3-1.
രണ്ടാം പകുതിയിൽ കാർലോ ആൻസലോട്ടിയുടെ ടീം വർധിത ഊർജത്തോടെ കളിച്ചെങ്കിലും മികച്ച അവസരങ്ങളൊന്നും സൃഷ്ടിക്കാൻ കഴിഞ്ഞില്ല. ഇതിനിടെ 73-ാം മിനിറ്റിൽ സിറ്റിക്ക് മികച്ച അവസരം ലഭിച്ചെങ്കിലും തിബൗട്ട് കോർട്ടോയിസ്സേവ് വീണ്ടും രാക്ഷനായി. ഹാലാൻഡിൻ്റെ ഒരു ക്ലോസ് റേഞ്ച് ഷോട്ട് മാഡ്രിഡ് കീപ്പർ തട്ടിമാറ്റി. എന്നാൽ തൊട്ടുപിന്നാലെ ആ നിർണായക ഗോൾ പിറന്നു. 76 ആം മിനിറ്റിൽ ഒരു ഫ്രീകിക്ക് നിന്ന് പിറന്ന ഒരു സെൽഫ് ഗോൾ സിറ്റിയെ 3 ഗോൾ മുന്നിൽ എത്തിച്ചു.
പകരക്കാരനായി വന്ന അർജന്റീന ലോകകപ്പ് ജേതാവ് അൽവാരസ് ലീഡ് 4 ആയി ഉയർത്തി. അവസാന വിസിൽ മുഴങ്ങുമ്പോൾ സിറ്റി 4 മാഡ്രിഡ് 0. 5-1ന്റെ അഗ്രിഗേറ്റ് വിജയം. ചരിത്രത്തിൽ ഇതുവരെ സിറ്റിക്ക് ചാമ്പ്യൻസ് ലീഗ് നേടാൻ ആയിട്ടില്ല. ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി അവരുടെ ചാമ്പ്യൻസ് ലീഗ് കിരീടം എന്ന സ്വപ്നത്തിലേക്ക് അടുത്തു.