റോം: കനത്ത മഴ മൂലം ഇറ്റലിയിലെ വിവിധ പ്രദേശങ്ങളിലുണ്ടായ പ്രളയത്തിൽ അകപ്പെട്ട് എട്ട് പേർ മരിച്ചു. ആയിരക്കണക്കിന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രവേശിപ്പിച്ചു. വടക്കൻ ഇറ്റലിയിലെ എമിലിയ – റൊമാന മേഖലയിലാണ് ഏറ്റവുമധികം നാശമുണ്ടായത്. ഒരു വർഷം കൊണ്ട് ലഭിക്കേണ്ട മഴയുടെ പകുതിയും കഴിഞ്ഞ 36 മണിക്കൂറിനിടെ പെയ്തിറങ്ങിയതായി അധികൃതർ അറിയിച്ചു. മരണപ്പെട്ടവരെല്ലാം എമിലിയ – റൊമാന മേഖലയിലുള്ളവരാണ്.
ഇമോല, ബോലോന, റാവേന മേഖലകളിലും പ്രളയം നാശം വിതച്ചു. നിരവധി വീടുകളും ഏക്കർക്കണക്കിന് കൃഷിസ്ഥലവും വെള്ളക്കെട്ടിൽ മുങ്ങിക്കിടക്കുകയാണ്. റാവേന മേഖലയിൽ മാത്രം 5,000 പേരെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചതായും 500 മില്ലിമീറ്റർ മഴ വരെ കഴിഞ്ഞ ഒന്നര ദിവസത്തിനിടെ ഇവിടെ ലഭിച്ചതായും പ്രാദേശിക മേയർ അറിയിച്ചു. നദികൾക്ക് സമീപത്തേക്ക് പോകരുതെന്നും ജലാശയങ്ങൾക്ക് സമീപം വസിക്കുന്നവർ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പ്രളയം രൂക്ഷമായതോടെ ഞായറാഴ്ച ഇമോലയിൽ നടക്കേണ്ടിയിരുന്ന ഫോർമുല വൺ ഗ്രാൻപ്രി മത്സരം മാറ്റിവച്ചതായി എഫ് വൺ മേധാവികൾ അറിയിച്ചു.