ബ്രസൽസ്: റഷ്യൻ എണ്ണയിൽനിന്ന് ഉത്പാദിപ്പിക്കുന്ന ഡീസൽ അടക്കമുള്ള ഉത്പന്നങ്ങൾ യൂറോപ്യൻ യൂണിയനിൽ വിൽക്കുന്നതു തടയാൻ നടപടി എടുക്കുമെന്നു യൂണിയന്റെ വിദേശനയ മേധാവി ജോസഫ് ബോറെൽ ഫിനാൻഷൽ ടൈംസിനു നല്കിയ അഭിമുഖത്തിൽ വ്യക്തമാക്കി.
യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ പാശ്ചാത്യശക്തികൾ ചുമത്തിയിട്ടുള്ള ഉപരോധങ്ങൾ മറികടക്കാൻ റഷ്യയെ സഹായിക്കുന്നതാണ് ഇന്ത്യയുടെ നടപടികളെന്നു യൂണിയൻ വിലയിരുത്തുന്നു. യൂണിയൻ റഷ്യൻ എണ്ണ നിരോധിച്ചതിനെത്തുടർന്നാണ് ഇന്ത്യക്കു തുച്ഛമായ വിലയ്ക്കു ലഭിച്ചുതുടങ്ങിയത്. ഇന്ത്യൻ കന്പനികൾ ഇതു ശുദ്ധീകരിച്ച് യൂറോപ്പ് അടക്കമുള്ളയിടങ്ങളിൽ വില്‍ക്കുന്നതിന്റെ തെളിവ് വിദേശമാധ്യമങ്ങൾ നേരത്തേ പുറത്തുവിട്ടിരുന്നു.
ഇന്ത്യ കുറഞ്ഞ വിലയ്ക്ക് റഷ്യൻ എണ്ണ വാങ്ങുന്നതിൽ യൂറോപ്യൻ യൂണിയനു പ്രശ്നമില്ലെന്നാണു ജോസഫ് ബോറെൽ പറഞ്ഞത്. പക്ഷേ, അതിൽനിന്നുള്ള ഉപോത്പന്നങ്ങൾ യൂറോപ്പിൽ വിൽക്കുന്നത് അംഗീകരിക്കാനാവില്ല. ഇന്ത്യ-യൂറോപ്യൻ യൂണിയൻ ട്രേഡ് ആൻഡ് ടെക്നോളജി യോഗത്തിൽ പങ്കെടുക്കാനായി ബ്രസൽസിലുള്ള വിദേശകാര്യമന്ത്രി ജയ്ശങ്കറുമായി ഇക്കാര്യം ചർച്ചചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യൻ എണ്ണയിൽനിന്നുള്ള ഇന്ത്യൻ ഉത്പന്നങ്ങൾ വാങ്ങുന്ന യൂറോപ്യൻ കന്പനികളെയായിരിക്കും യൂണിയൻ ലക്ഷ്യമിടുകയെന്നാണു സൂചന.
റഷ്യൻ എണ്ണയുടെ വരവിനുശേഷം ഇന്ത്യയുടെ പെട്രോളിയം ഉത്പന്നക്കയറ്റുമതി വൻതോതിൽ വർധിച്ചിട്ടുണ്ട്. റിലയൻസ്, നയാര എനർജി എന്നീ കന്പനികളാണു കയറ്റുമതിയിൽ മുന്നിൽ.