തിയേറ്റർ റിലീസിന് ശേഷം വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ് ഐശ്വര്യ രാജേഷ് നായികയായ ‘ഫര്‍ഹാന’ എന്ന തമിഴ് ചിത്രം. ഫോണിലൂടെ സെക്സ് ചാറ്റ് ചെയ്യുന്ന ജോലിയുള്ള യുവതിയുടെ കഥയാണ് ‘ഫര്‍ഹാന’. ഒരിക്കല്‍ ഇത്തരത്തില്‍ ഫോണില്‍ സംസാരിക്കുന്ന യുവാവുമായി അവര്‍ ആത്മബന്ധം സ്ഥാപിക്കുന്നതാണ് ചിത്രത്തെ സംഭവബഹുലമാക്കുന്നത്. മെയ് 12ന് ആണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. സംവിധായകന് സെല്വരാഘവന്, ജിതന്‍ രമേഷ്, അനുമോള്‍, ഐശ്വര്യ ദത്ത എന്നിവരാണ് മറ്റ് അഭിനേതാക്കൾ..
നെല്‍സണ്‍ വെങ്കടേശന് സംവിധാനം ചെയ്ത ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതിനേ തുടര്‍ന്ന് നായിക ഐശ്വര്യ രാജേഷിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. വിവാദങ്ങള്‍ വേദനാജനകമാണെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സ് പ്രതികരിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു പ്രതികരണം.
‘മതസൗഹാര്‍ദം, സാമൂഹിക ഐക്യം, സ്നേഹം തുടങ്ങിയ വികാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഞങ്ങള്‍ സിനിമകള്‍ നിര്‍മ്മിക്കുകയും റിലീസ് ചെയ്യുകയും ചെയ്യുന്നത്. സര്‍ക്കാര്‍ കൃത്യമായി സെന്‍സര്‍ ചെയ്ത ഫര്‍ഹാന എന്ന ചിത്രത്തേക്കുറിച്ച് കുറച്ച് ആളുകള്‍ സൃഷ്ടിക്കുന്ന വിവാദങ്ങള്‍ വേദനാജനകമാണ്. ഫര്‍ഹാന ഒരു മതത്തിനോ വികാരത്തിനോ എതിരല്ല. നല്ല സിനിമകള്‍ നല്‍കുക മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. മതവികാരങ്ങള്‍ക്കോ വിശ്വാസങ്ങള്‍ക്കോ എതിരായി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ കഥകളില്‍ മനുഷ്യത്വത്തിന് എതിരായ ഒരു പ്രവൃത്തിയും അനുവദിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നില്ല. നമ്മുടെ സിനിമയെ കുറിച്ച് വിവാദങ്ങള്‍ ഉണ്ടാക്കുന്ന സഹോദരങ്ങള്‍ ഇത് മനസിലാക്കുമെന്ന് കരുതുന്നു. നമ്മുടെ തമിഴ്നാട് മതസൗഹാര്‍ദ്ദത്തിന്റെ പറുദീസയും കലാസൃഷ്ടികളെ നെഞ്ചേറ്റുന്ന നാടുമാണ്. സെന്‍സര്‍ ചെയ്ത സിനിമയെ റിലീസിന് മുമ്പ് തെറ്റിദ്ധാരണയുടെ പേരില്‍ എതിര്‍ക്കുകയും വിവാദങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നത് ശരിയല്ല. അതിനെ എതിര്‍ക്കുന്നവരെ ശരിയായ ധാരണയില്ലാത്തവരായി തോന്നിപ്പിക്കും. നൂറുകണക്കിനു പേരുടെ കഠിനാധ്വാനം കൊണ്ടാണ് ഒരു സിനിമ നിര്‍മ്മിക്കുന്നത്. പോരായ്മകളില്ലാത്ത സിനിമയെ തമിഴ് ആരാധകര്‍ പിന്തുണയ്ക്കും’, ഡ്രീം വാരിയർ പിക്ചേഴ്സ് കുറിച്ചു.
ഇസ്ലാം മതവികാരം വ്രണപ്പെടുത്തുന്നതാണ് ‘ഫര്‍ഹാന’യുടെ ഉള്ളടക്കം എന്ന ആരോപണമുയര്‍ത്തി ഇന്ത്യന്‍ നാഷണല്‍ ലീഗ് അടക്കമുള്ള സംഘടനകളാണ് സിനിമയ്ക്കെതിരെ ശബ്ദമുയര്‍ത്തിയത്. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഐശ്വര്യക്ക് പൊലീസ് സംരക്ഷണം നല്‍കിയത്. ചില വിദേശ രാജ്യങ്ങളില്‍, മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെങ്കില്‍ സിനിമയ്ക്ക് സെന്‍സര്‍ഷിപ്പ് ലഭിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. മലേഷ്യ, സിംഗപ്പൂര്‍, ഒമാന്‍, ബഹ്റൈന്‍, യുഎഇ എന്നിവിടങ്ങളില്‍ ഓഡിറ്റ് നിയമങ്ങള്‍ കര്‍ശനമാണ്. എന്നാൽ ഈ രാജ്യങ്ങളിൽ ‘ഫര്‍ഹാന’ സെന്‍സര്‍ ചെയ്ത് പ്രശ്നങ്ങളൊന്നുമില്ലാതെ റിലീസിന് തയ്യാറാണ്. ‘ഫര്‍ഹാന’ ഒരു വിവാദ ചിത്രമല്ലെന്ന് ഇത് വ്യക്തമാക്കുന്നുവെന്നും നിർമ്മാതാക്കൾ കൂട്ടിച്ചേർത്തു.