മിലാൻ : രണ്ടാം പാദ സെമി ഫൈനലിൽ എസി മിലാനെ മറുപടിയില്ലാത്ത ഒരു ഗോളിന് തകർത്ത ഇന്റർ മിലാൻ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ . അർജന്റീനയുടെ മുന്നേറ്റ താരമായ ലൗതാരോ മാർട്ടിനെസാണ് ഇന്ററിന്റെ ഏക ഗോൾ നേടിയത്. 2010 നു ശേഷം ആദ്യമായാണ് ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലേക്ക് പ്രവേശിക്കുന്നത്. 2010-ലെ ഫൈനലിൽ ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിനെ തകർത്ത് ജോസെ മൗറിഞ്ഞോയെന്ന ബുദ്ധിരാക്ഷസന്റെ കീഴിൽ ടീം കിരീടമുയർത്തിയിരുന്നു.
എഴുപത്തി നാലാം മിനുട്ടിൽ ലുക്കാക്കുവും ലൗതാരോ മാർട്ടിനെസ്സും എസി മിലാന്റെ ബോക്സിനുള്ളിൽ നടത്തിയ നീക്കമാണ് ഗോളിൽ കലാശിച്ചത്. മത്സരം തുടങ്ങിയതു മുതൽ ഇന്ററിന്റെ ഷോട്ടുകൾ ഓരോന്നായി തടുത്തിട്ട് ബോക്സിൽ വന്മതിലുയർത്തിയ എസി മിലാൻ ഗോൾകീപ്പർ മൈക്ക് മൈഗനാന് പിഴച്ചതും ആ ഒരു നിമിഷത്തിൽ ആയിരുന്നു. വാശിയേറിയ ഡെർബിയിൽ ഇരു പാദങ്ങളിലുമായി മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്ററിന്റെ വിജയം . ആദ്യ പാദത്തിൽ ഡസിക്കോയും മഖ്താര്യനും ഇന്ററിനായി ഗോളുകൾ നേടിയിടുന്നു.
ഇന്ന് രാത്രി 12:30ന് നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം സെമിയിൽ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും ഏറ്റുമുട്ടും. ഈ മത്സരത്തിൽ വിജയിക്കുന്നവർക്ക് എതിരെ ജൂൺ അഞ്ചിന് ഇന്റർ മിലാൻ ഇസ്താൻബുളിൽ കലാശ പോരാട്ടത്തിന് ഇറങ്ങും.