ലക്നോ: നിർണായക മത്സരത്തിൽ കരുത്തരായ മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി ലക്നോ സൂപ്പർ ജയ്ന്റസ് പ്ലേ ഓഫ് സാധ്യത നിലനിർത്തി. അഞ്ച് റൺസിനാണ് ലക്നോവിന്റെ വിജയം. ലക്നോ ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്കു അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. 10 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 90 റൺസ് എന്ന നിലയിൽനിന്നാണ് മുംബൈയുടെ നാടകീയ തോൽവി.
തകർത്തടിച്ച ക്യാപ്റ്റൻ രോഹിത് ശർമയും (37) ഇഷാൻ കിഷനും (59) അടുത്തടുത്ത് പുറത്തായതോടെയാണ് ലക്നോ മത്സരത്തിലേക്ക് തിരിച്ചുവന്നത്. രവി ബിഷ്ണോയിയാണ് ഇരുവരെയും പുറത്താക്കി ലക്നോവിന് ബിഗ് ബ്രേക് ത്രൂ നൽകിയത്. ഇതോടെ പതുങ്ങിയ മുംബൈ സൂര്യകുമാറിന്റെ (7) വിക്കറ്റും വീണതോടെ പരുങ്ങി. ടിം ഡേവിഡ് (പുറത്താകാതെ 32) പൊരുതിയെങ്കിലും പോരാട്ടം വിജയറൺവരെ എത്തിയില്ല. നേരത്തെ മാർക്കസ് സ്റ്റോയ്നിസിന്റെ (പുറത്താകാതെ 89) വെടിക്കെട്ടും ക്യാപ്റ്റൻ കൃണാൽ പാണ്ഡ്യയുടെ (റിട്ടയർഡ് ഹർട്ട് 49) അവസരോചിത ഇന്നിംഗ്സുമാണ് ലക്നോവിന് മികച്ച സ്കോർ നൽകിയത്. മൂന്നിന് 35 എന്ന നിലയിൽനിന്നാണ് ഇരുവരും ലക്നോവിനെ കരകയറ്റിയത്.