ന്യൂഡൽഹി : മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഇടഞ്ഞു നിൽക്കുന്ന ഡികെ ശിവകുമാറിനെ അനുനയിപ്പിക്കാന്‍ സോണിയാ ഗാന്ധി ഇടപെടുന്നു. മുഖ്യമന്ത്രി പദം പങ്കിടുന്നത് അടക്കം ഉറപ്പുകള്‍ നല്‍കും. ആദ്യ ടേമില്‍ ശിവകുമാര്‍ മാത്രം ഉപമുഖ്യമന്ത്രിയാകാനാണ് സാധ്യത. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്ക് വന്ന സാഹചര്യത്തിലാണ് തീരുമാനം.
ശിവകുമാറിനെ പിണക്കാതെ പൂര്‍ണമായും അനുനയിപ്പിച്ചുകൊണ്ടായിരിക്കും തീരുമാനമെടുക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. ഹിമാചലിലെ ഷിംലയിലുള്ള മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഡൽഹിയിലെത്തിയ ശേഷമാകും അന്തിമ തീരുമാനം പ്രഖ്യാപിക്കുകയെന്നാണു വിവരം. സോണിയ ഇന്നു രാത്രിയോടെ ഡല്‍ഹിയിലെത്തുമെന്നാണു സൂചന. സിദ്ധരാമയ്യയുമായും കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാറുമായും സോണിയ ഗാന്ധി ചർച്ച നടത്തും. ഇതിനുശേഷമാണ് അന്തിമ തീരുമാനം പ്രഖ്യാപിക്കുക.
ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുള്ള സിദ്ധരാമയ്യയെ കർണാടക മുഖ്യമന്തിയാക്കുന്നതിനോടാണു ഹൈക്കമാൻഡിനു യോജിപ്പെങ്കിലും ഡി.കെ.ശിവകുമാറിനെ എങ്ങനെ അനുനയിപ്പിക്കുമെന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. സോണിയയുടെ സാന്നിധ്യത്തിൽ സിദ്ധരാമയ്യയ്ക്കും ശിവകുമാറിനുമിടയിൽ സമവായം ഉറപ്പിക്കുകയാണു ഹൈക്കമാൻഡിന്റെ ലക്ഷ്യം.
സിദ്ധരാമയ്യയ്ക്കു കീഴിൽ ഉപമുഖ്യമന്ത്രിയായി ഇരിക്കാൻ ശിവകുമാർ തയാറായേക്കില്ലെന്നും സൂചനയുണ്ട്. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിൽ പ്രധാന വകുപ്പുകൾക്കു മേൽ ശിവകുമാർ അവകാശവാദമുന്നയിക്കും. മുഖ്യമന്ത്രി പദത്തിനു പുറമെ വകുപ്പുകളുടെ കാര്യത്തിലും ഹൈക്കമാൻഡിന് തീരുമാനമെടുക്കേണ്ടി വരും.
സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ഡി.കെ.ശിവകുമാറിനെ അറിയിച്ചു. പാർലമെന്ററി പാർട്ടിയിൽ ഭൂരിപക്ഷം സിദ്ധരാമയ്യയ്ക്കാണെന്നത് ഡികെയെ ബോധ്യപ്പെടുത്തി. മുഖ്യമന്ത്രി പദത്തിനായി ഡികെയും അവകാശവാദം ഉന്നയിച്ചിരുന്നു. മല്ലികാർജുൻ ഖർഗെയും ഡികെയും തമ്മിലുള്ള ചർച്ച പൂർത്തിയായി.
സിദ്ധരാമയ്യ, മല്ലികാർജുൻ ഖർഗെയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. ഏതാനും എംഎൽഎമാരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലാണ് സമവായ ചർച്ച നടന്നത്. രാഹുൽ ഗാന്ധിയുടെ പിന്തുണ സിദ്ധരാമയ്യയ്ക്കാണ്.