ക്വലാ ലംപുർ: സുദിർമൻ കപ്പ് ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യ ആദ്യ റൗണ്ടിൽ പുറത്ത്. ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തിൽ മലേഷ്യയോട് 0 – 5 എന്ന സ്കോറിന് പരാജയപ്പെട്ടതോടെയാണ് ഇന്ത്യക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ചൈനീസ് തായ്പെയോട് 1 -4 എന്ന സ്കോറിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇതോടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഓസ്ട്രേലിയയോട് വിജയിച്ചാലും ഇന്ത്യക്ക് രണ്ടാം റൗണ്ടിലേക്ക് മുന്നേറാനാകില്ലെന്ന് ഉറപ്പായി.
മലേഷ്യൻ ടീമിനോട് നടന്ന മത്സരത്തിൽ പി.വി. സിന്ധു, കിഡംബി ശ്രീകാന്ത് എന്നിവർ സിംഗിൾസ് മത്സരങ്ങളിലും ദ്രുവ് കപില – അശ്വിനി പൊന്നപ്പ സഖ്യം വനിതാ ഡബിൾസിലും തോൽവി നേരിട്ടു. വനിതാ സഖ്യവും ശ്രീകാന്തും നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ടപ്പോൾ സിന്ധു ഗെയിമിലെ ആദ്യ സെറ്റ് നേടി സമ്പൂർണ പരാജയം ഒഴിവാക്കി. ചൈനീസ് തായ്പെയോട് ആദ്യ മത്സരത്തിൽ വിജയം നേടി ടീമിന്റെ മാനം കാത്ത ട്രീസ ജോളി – ഗായത്രി ഗോപിചന്ദ് സഖ്യം, പുരുഷ ഡബിൾസ് ടീമായ സാത്വിക് – ചിരാഗ് സഖ്യം നേരിട്ടതിന് സമാനമായി നേരിട്ടുള്ള സെറ്റുകൾക്കാണ് മലേഷ്യൻ താരങ്ങളോട് പരാജയപ്പെട്ടത്.