കൊൽക്കത്ത: ചികിത്സയ്‌ക്കിടെ മരിച്ച മകന്റെ ശരീരം വീട്ടിലെത്തിക്കാൻ പണമില്ലാത്തതിനാൽ യുവാവിന് മൃതദേഹം ബാഗിലാക്കി യാത്രചെയ്യേണ്ടി വന്നത് 200 കിലോമീറ്ററോളം. പശ്ചിമബംഗാളിലെ മുസ്‌തഫാ നഗർ ഗ്രാമപഞ്ചായത്തിലെ ഡംഗിപാറയിലാണ് സംഭവം.
ആംബുലൻസ് ഡ്രൈവർ ചോദിച്ച വലിയ തുക നൽകാൻ കഴിയാതെ വന്നതോടെയാണ് അന്യസംസ്ഥാന തൊഴിലാളിയായ അസിം ദേവശർമ്മയ്‌ക്ക് അഞ്ച് മാസം മാത്രം പ്രായമുള്ള മകന്റെ മൃതദേഹം ബാഗിൽ ചുമന്ന് നാട്ടിലെത്തിക്കേണ്ടി വന്നത്.ഇരട്ടകുട്ടികളാണ് അസിമിനുണ്ടായിരുന്നത്. രണ്ട് മക്കൾക്കും സുഖമില്ലാതെ വന്നതിനെ തുടർന്ന് കാളിഗഞ്ച് ജനറൽ ആശുപത്രിയിലും പിന്നീട് റായ്‌ഗഞ്ച് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. പിന്നീട് നില ഗുരുതരമായതോടെ നോർത്ത് ബംഗാൾ മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു.
ഇതിനിടെ ഒരു കുട്ടിയുമായി അസിമിന്റെ ഭാര്യ വീട്ടിലേക്ക് മടങ്ങി. രണ്ടാമത്തെ കുട്ടി ശനിയാഴ്‌ച രാത്രിയോടെ മരിച്ചു. തുടർന്ന് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർമാരെ മൃതദേഹം വീട്ടിലെത്തിക്കുന്നതിന് അസിം സമീപിച്ചു. എന്നാൽ 8000 രൂപ നൽകിയാലേ പോകാനാകൂ എന്നും രോഗികൾക്ക് ആംബുലൻസ് സൗജന്യമാണെന്നും മൃതദേഹം കൊണ്ടുപോകാൻ ഫീസ് വേണമെന്നും ആവശ്യപ്പെട്ടെന്നുമാണ് വിവരം.
തുടർന്ന് കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി കാളിഗഞ്ജ് വരെ ബസിൽ എത്തി. പിന്നീട് മറ്റൊരാൾ ഏർപ്പെടുത്തി കൊടുത്ത ആംബുലൻസിൽ വീട്ടിലെത്തി. കുഞ്ഞിന്റെ ചികിത്സയ്‌ക്ക് 16,000 രൂപ ചിലവായതായും തുടർ നടപടികൾക്ക് കൈയിൽ പണമില്ലാതായി പോയെന്നും വിഷമത്തോടെ അസിം അറിയിച്ചു.