ലക്‌ഷ്യം പുരുഷ ഡോക്ടറായിരുന്നു, ഡോ വന്ദന കേസിലെ പ്രതി സന്ദീപിന്റെ കുറ്റസമ്മതം

തിരുവനന്തപുരം: ലക്‌ഷ്യം വന്ദന ആയിരുന്നില്ലെന്നും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പുരുഷ ഡോക്ടർ ആയിരുന്നുവെന്നും സന്ദീപ് ദാസിന്റെ കുറ്റസമ്മതം. തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നതായി തോന്നിയപ്പോഴാണ് ആക്രമിച്ചതെന്ന് സന്ദീപ് ജയിൽ സൂപ്രണ്ടിനോട് പറഞ്ഞു.

പുരുഷ ഡോക്ടറെ ആക്രമിക്കാനാണ് ശ്രമിച്ചത്. ആശുപത്രിയിൽ വെച്ച് മരുന്ന് വെക്കുന്ന സമയത്ത് മറ്റുള്ളവരുടെ സംസാരം കേട്ടപ്പോൾ ഉപദ്രവിക്കാൻ ശ്രമിക്കുന്നതായി തോന്നി. അതാണ് ആക്രമിക്കാൻ കാരണമെന്ന് സന്ദീപ് ജയിൽ സൂപ്രണ്ടിനോട് പറഞ്ഞു. പൂജപ്പുര ജയിലിൽ എത്തിയ ആദ്യദിവസങ്ങളിൽ സന്ദീപ് അസാധാരണ പെരുമാറ്റമാണ് പ്രകടിപ്പിച്ചത്. കഴിഞ്ഞ ദിവസത്തോടെ ശാന്തനായി. തുടർന്നാണ് പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറിനെ എത്തിച്ച് പരിശോധന നടത്തിയത്. ജയിൽ സൂപ്രണ്ട് സത്യദാസിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന. ഡോക്ടർ വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന് മാനസികാരോഗ്യപ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരിച്ചു.

ഇപ്പോൾ പരസ്പരവിരുദ്ധ സംസാരവും വിഭ്രാന്തിയും പ്രകടിപ്പിക്കുന്നില്ല. പരിശോധനയിൽ മാനസികാരോഗ്യപ്രശ്നങ്ങളോ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമൊ ഇല്ലെന്നും സ്ഥിരീകരിച്ചു. ഇതര സംസ്ഥാനക്കാരിൽ നിന്ന് ലഹരിമരുന്ന് വാങ്ങിയിരുന്നുവെന്നും ഇയാൾ പറയുന്നു. വീട്ടിൽ ജോലിക്ക് വന്നിരുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ പക്കൽ നിന്നാണ് ലഹരി വാങ്ങിയത്. കാര്യമായ വികാരവിക്ഷോഭങ്ങളില്ലാതെയാണ് സന്ദീപ് ചോദ്യങ്ങളോട് പ്രതികരിച്ചത്.

നാട്ടുകാരിൽ ചിലർ ആക്രമിക്കാൻ പിന്തുടരുന്നു എന്ന തോന്നലിലാണ് പോലീസിനെ വിളിച്ചത്. ആദ്യം പോലീസെത്തിയപ്പോൾ മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് ഒളിച്ചിരുന്നു. വീണ്ടും വിളിച്ചുവരുത്തിയെന്നും ഇയാൾ പറയുന്നു. പോലീസെത്തി ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തുമ്പോൾ ചുറ്റും നിൽക്കുന്നവർ ഉപദ്രവിക്കും എന്ന തോന്നലുണ്ടായി. തുടർന്ന് കത്രിക കൈക്കലാക്കി. പുരുഷ ഡോക്ടറെ ആക്രമിക്കാനായിരുന്നു ലക്ഷ്യം. വന്ദനയെ കുത്തിയത് ഓർമ്മയുണ്ടെന്നും ഇയാൾ പറയുന്നു. സ്വബോധം വീണ്ടെടുത്തതോടെ പ്രതിക്കായി തിങ്കളാഴ്ച പോലീസ് കസ്റ്റഡി അപേക്ഷ നൽകും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *