സന്ദീപാനന്ദ ഗിരിയുടെ ആശ്രമം തീവെച്ച കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീവെച്ച കേസില്‍ ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ റിപ്പോര്‍ട്ട്. കേസ് വീണ്ടും അന്വേഷിച്ച ക്രൈംബ്രാഞ്ച് ആണ് ആദ്യ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് മേധാവിക്കും സംസ്ഥാന പൊലീസ് മേധാവിക്കും റിപ്പോര്‍ട്ട് നല്‍കിയത്. 

തെളിവുകള്‍ ശേഖരിക്കുന്നതിലും അതു സൂക്ഷിക്കുന്നതിലും വീഴ്ച വരുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആദ്യസംഘത്തിന് സംഭവിച്ച പ്രധാനപ്പെട്ട നാലുവീഴ്ചകളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. രണ്ട് ഡിവൈഎസ്പിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച രണ്ടു ഡിവൈഎസ്പിമാര്‍, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസന്വേഷണവുമായി മുന്നോട്ടുപോയ പൂജപ്പുര എസ്എച്ച്ഒ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നടപടി ആവശ്യപ്പെടുന്നത്. ആശ്രമം കത്തിച്ചശേഷം സന്ദീപാനന്ദഗിരിക്ക് ആദരാഞ്ജലികള്‍ എന്നെഴുതിവെച്ച റീത്ത് കണ്ടെടുത്തിരുന്നു. 

എന്നാല്‍ റീത്തിലെ കയ്യക്ഷരത്തിന്റെ പകര്‍പ്പ് എടുത്തിരുന്നെങ്കിലും തൊണ്ടിമുതലിനൊപ്പം അതുണ്ടായിരുന്നില്ല. ആ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നെങ്കിലും പലതും പിന്നീട് നഷ്ടമായി. വിവിധ രാഷ്ട്രീയനേതാക്കളുടെ ഫോണ്‍ വിളികള്‍ അടക്കം പൊലീസ് ശേഖരിച്ചിരുന്നു. എന്നാല്‍ കേസ് ഡയറിയുടെ ഭാഗമായി കൈമാറിയപ്പോള്‍ അതൊന്നും ലഭിച്ചിരുന്നില്ല. അതൊക്കെ വീഴ്ചയാണ്. ഇത് കേസന്വേഷണം വൈകുന്നതിന് കാരണമായി എന്നും ക്രൈംബ്രാഞ്ച് എസ്പി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ബിജെപി കൗണ്‍സിലറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *