ഇസ്ലാമാബാദ്: അൽ ഖാദിർ ട്രസ്റ്റ് അഴിമതിക്കേസിൽ അറസ്റ്റിലായ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഇസ്ലാമാബാദ് ഹൈക്കോടതി എട്ട് ദിവസത്തെ ജാമ്യം അനുവദിച്ചു. എന്നാൽ മറ്റ് കേസുകളിൽ ജാമ്യം ലഭിക്കാത്തതിനാൽ ഖാൻ ജയിലിൽ നിന്ന് മോചിതനാകുമോയെന്ന് ഉറപ്പില്ല.
മറ്റ് കേസുകളിൽ കൂടി ജാമ്യം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ വാദം തുടരുന്നതിനാൽ ഖാൻ കോടതി മുറിക്കുള്ളിൽ തുടരുകയാണ്. ചൊവ്വാഴ്ച ഇതേ കോടതി മുറിക്കുള്ളിൽ നിന്നാണ് അർധ സൈനിക വിഭാഗമായ പാക് റേഞ്ചേഴ്സ് ഖാനെ വലിച്ചിഴച്ച് കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തിയത്. ഖാന്റെ അറസ്റ്റിന് പിന്നാലെ രാജ്യത്തെങ്ങും കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. 10 പാക്കിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് പ്രവർത്തകർ പോലീസ് നടപടികളിൽ കൊല്ലപ്പെട്ടിരുന്നു. മൂവായിരത്തോളം പേർ നിലവിൽ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.