തിരുവനന്തപുരം: റൂറല്‍ ആശുപത്രികളില്‍ ഹൗസ് സര്ജന്മാരുടെ നൈറ്റ് ഡ്യൂട്ടി റദ്ദാക്കി. സെക്യൂരിറ്റി ഓഡിറ്റ് നടത്തി സുരക്ഷ ഉറപ്പാക്കുന്നതു വരെ ഈ ഉത്തരവ് തുടരും. ആരോഗ്യമന്ത്രിയുമായി പി ജി ഡോക്ടര്‍മാരും ഹൗസ് സര്ജന്മാരും നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് നടപടി.
ആഴ്ചയില്‍ ഒരു ദിവസം അവധി ഉറപ്പാക്കും. ഹൗസ് സര്ജന്മാരുടെ ജോലി നിര്‍വചിച്ച് മാര്‍ഗരേഖ പുറപ്പെടുവിക്കും. പിജി ഡോക്ടര്‍മാരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിക്കും. മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു പിന്നാലെ പിജി ഡോക്ടര്‍മാര്‍ സമരം ഭാഗികമായി പിന്‍വലിച്ചു. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പാക്കുമെന്ന് ഉറപ്പ് കിട്ടിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ഇന്ന് വൈകീട്ട് അഞ്ചു മണി മുതല്‍ എമര്‍ജന്‍സി സര്‍വീസില്‍ ഡോക്ടര്‍മാര്‍ തിരിച്ചുകയറും. അതേസമയം ഒ.പി ബഹിഷ്കരണം തുടരും. തുടര്‍സമരത്തിന്റെ കാര്യത്തില്‍ ഇന്നുതന്നെ കമ്മിറ്റി കൂടി തീരുമാനമെടുക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
മന്ത്രിയുമായുള്ള ചര്‍ച്ച പോസിറ്റീവായിരുന്നുവെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളില്‍ ശക്തമായ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രിയില്‍ നിന്ന് ഉറപ്പ് കിട്ടിയതായും ഡോക്ടര്‍മാര്‍ പറഞ്ഞു.അതേസമയം ഹൗസ് സര്ജന്മാരുടെ സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. പിജി ഡോക്ടര്‍മാരുടെയും ഹൗസ് സര്ജന്മാരുടെയും പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് യോഗത്തില്‍ മന്ത്രി അറിയിച്ചിട്ടുണ്ട്.