ഹൃദയാഘാതം വരുന്നതിന് ഇന്‍ജക്ഷന്‍ നല്‍കി, ഇമ്രാൻ ഖാനെ ജയിലിൽവച്ച് വധിക്കാൻ ശ്രമമുണ്ടായെന്ന് ആരോപണം

ഇസ്‌ലാമാബാദ് : പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിൽവച്ച് വധിക്കാൻ ശ്രമമുണ്ടായെന്ന് ആരോപണം. ഇമ്രാ‌നെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്നു വിധിച്ച പാക്കിസ്ഥാൻ സുപ്രീം കോടതി, അദ്ദേഹത്തെ ഉടൻ മോചിപ്പിക്കാൻ നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ വധിക്കാൻ ശ്രമമുണ്ടായെന്ന വെളിപ്പെടുത്തലുമായി അഭിഭാഷകർ രംഗത്തെത്തിയത്.

‘‘അഴിമതിക്കേസിൽ അറസ്റ്റ് ചെയ്ത ഇമ്രാനെ ജയിലിൽവച്ച് വധിക്കാൻ ശ്രമമുണ്ടായി. അദ്ദേഹത്തെ ഭയങ്കരമായി പീഡിപ്പിച്ചു. അറസ്റ്റിലായതിനുശേഷം ഏറെനേരം കഴിക്കാൻ ഒന്നും കൊടുത്തില്ല. ഭക്ഷണത്തിൽ ഇൻസുലിൻ കലർത്തി നൽകി അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാക്കാൻ ശ്രമിച്ചു. ഉറങ്ങാൻ സമ്മതിച്ചില്ല. സാവധാനം ഹൃദയാഘാതം വരുന്നതിന് ഇന്‍ജക്ഷന്‍ നല്‍കി. ശുചിമുറിയും കിടക്കയും ഇല്ലാത്ത, വൃത്തിഹീനമായ മുറിയിലാണ് താമസിപ്പിച്ചത്. അദ്ദേഹത്തിനു നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ട്’’– ഒരു മണിക്കൂറിലേറെ ഇമ്രാനുമായി കൂടിക്കാഴ്ച നടത്തിയശേഷം പുറത്തുവന്ന അഭിഭാഷകർ പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ച മുൻകൂർ ജാമ്യാപേക്ഷ നൽകാൻ ഹാജരായപ്പോഴാണ്, സാമ്പത്തികകുറ്റങ്ങൾ അന്വേഷിക്കുന്ന നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻഎബി) ഇമ്രാനെ ഇസ്‌ലാമാബാദ് ഹൈക്കോടതിയിൽനിന്ന് അറസ്റ്റ് ചെയ്തത്. കോടതിമുറിയിൽ കടന്ന് ഇമ്രാനെ അറസ്റ്റ് ചെയ്ത നടപടിയിൽ രോഷം പ്രകടിപ്പിച്ച സുപ്രീം കോടതി, റജിസ്ട്രാറുടെ അനുമതിയില്ലാതെ കോടതിയിൽനിന്ന് ആരെയും അറസ്റ്റ് ചെയ്യാനാവില്ലെന്നും വ്യക്തമാക്കി. ഇമ്രാനെ ഇന്നു ഇസ്‌ലാമാബാദ് ഹൈക്കോടതിയിൽ ഹാജരാക്കും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *