ബെംഗളൂരു: തൂക്കു സഭയെന്ന പ്രവചനങ്ങൾ സജീവമായി നിൽക്കെ, ജെഡിഎസിനെ ലക്ഷ്യമിട്ടുള്ള കരുനീക്കങ്ങൾ സജീവം. തിരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരാനിരിക്കെ കോണ്‍ഗ്രസും ബിജെപിയും പിന്തുണ ആവശ്യപ്പെട്ട് തങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് അറിയിച്ച് ജെഡിഎസ് രംഗത്തെത്തി.
കോണ്‍ഗ്രസും ബിജെപിയും തങ്ങളെ സമീപിച്ചിട്ടുണ്ട്, തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം എന്ത് നിലപാട് സ്വീകരിക്കണം എന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടുണ്ടെന്ന് ജെഡിഎസ് മുതിര്‍ന്ന നേതാവ് തന്‍വീര്‍ അഹമ്മദ് പറഞ്ഞു. സംസ്ഥാനത്തിന്റെ പുരോഗതിക്കായി രണ്ട് ദേശീയ പാര്‍ട്ടികളെയും ജെഡിഎസ് നിയന്ത്രിക്കണമെന്നാണ് ജനങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. കര്‍ണാടകയുടെയും ജനങ്ങളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവരെയാകും തങ്ങള്‍ പിന്തുണക്കുകയെന്നും തന്‍വീര്‍ അഹമ്മദ് പറഞ്ഞു. എന്‍ഡിടിവിയോടായിരുന്നു പ്രതികരണം.
പിന്തുണ ആവശ്യപ്പെട്ട് ജെഡിഎസിനെ സമീപിച്ചുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ബിജെപി പ്രസ്താവന ഇറക്കി . സഖ്യത്തിന്റെ കാര്യം ചിന്തിച്ചിട്ടില്ലെന്നും, ജെഡിഎസുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ബിജെപി നേതാവ് ശോഭ കരന്ദലജെ പറഞ്ഞു. 120 സീറ്റുകള്‍ ലഭിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ട്. വോട്ടെടുപ്പിന് ശേഷം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തങ്ങള്‍ക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ടെന്നും അവര്‍ പ്രതികരിച്ചു.