ചെന്നൈ: ഓഡിയോ ക്ലിപ്പ് വിവാദത്തിന് പിന്നാലെ മന്ത്രി പിടിആര്‍ പളനിവേല്‍ ത്യാഗരാജനെ ധനകാര്യവകുപ്പില്‍ നിന്നും മാറ്റി തമിഴ്നാട് മന്ത്രിസഭയില്‍ അഴിച്ചുപണി. വ്യവസായ മന്ത്രിയായിരുന്ന തങ്കം തെന്നരശനാണ് പുതിയ ധനമന്ത്രി.
പളനിവേല്‍ ത്യാഗരാജന് ഐടി, ഡിജിറ്റല്‍ വകുപ്പുകളുടെ ചുമതല നല്കി. നിലവില്‍ ഐടി മന്ത്രിയായിരുന്ന മനോ തങ്കരാജിന് ക്ഷീരവകുപ്പിന്റെ ചുമതല നല്കി.
പുതുതായി മന്ത്രിസഭയില്‍ ഇടംലഭിച്ച മന്നാര്‍ഗുഡിയില്‍ നിന്നുള്ള എംഎല്‍എ ടിബിആര്‍ രാജ വ്യവസായ മന്ത്രിയാകും. മുതിര്‍ന്ന നേതാവും എംപിയുമായ ടി ആര് ബാലുവിന്റെ മകനാണ് രാജ.
ക്ഷീരവികസനവകുപ്പ് മന്ത്രിയായിരുന്ന എസ് എം നാസറിനെഒഴിവാക്കിയാണ് രാജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. വിവരവിനിമയ വകുപ്പ് മന്ത്രി എംപി സാമിനാഥന്‍ തമിഴ് വികസന- സാംസ്കാരിക വകുപ്പുകളുടെ ചുമതല കൂടി നല്‍കിയിട്ടുണ്ട്.