മലപ്പുറം: ഉടമ നാസറിന്റെ അറിവോടെയാണ് നിയമലംഘനങ്ങൾ നടത്തിയിരുന്നതെന്ന് താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ട് സ്രാങ്ക് ദിനേശന്റെ വെളിപ്പെടുത്തൽ. നേരത്തെയും നിരവധി തവണ ആളുകളെ കുത്തിനിറച്ചും ഡക്കിൽ കയറ്റിയും സർവീസ് നടത്തിയതായും ദിനേശൻ മൊഴി നൽകി. ബോട്ടിലെ സഹായികളായ മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അപ്പു, അനിൽ, ബിലാൽ എന്നിവരെയാണ് പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ദിനേശനെ പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്തു. റിമാൻഡിലുള്ള ബോട്ടുടമയെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും. മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി സർവീസ് നടത്താൻ ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച സഹായങ്ങളെക്കുറിച്ച് കൂടുതലറിയാൻ നാസറിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. ബോട്ടുടമ നാസറിനെ ഇന്നലെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പ്രതിയെ തിരൂർ സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.
താനൂർ ബോട്ട് അപകടം അന്വേഷിക്കാൻ സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചു. ജസ്റ്റിസ് വി കെ മോഹനന്റെ നേതൃത്വത്തിലുള്ള സമിതിയെയാണ് മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയത്. സംസ്ഥാനത്തെ മുഴുവൻ യാനങ്ങളിലും സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്താൻ തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ അധ്യക്ഷതയിൽ ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ബോട്ടുകളിൽ കയറ്റാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണം പൊതുജനങ്ങൾക്ക് കാണാവുന്ന രീതിയിൽ പ്രദര്‍ശിപ്പിക്കും. തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കാനും തീരുമാനമായി.