ഏറെക്കാലത്തെ ഇടവേളക്ക് ശേഷമുള്ള മലയാളത്തിലെ തീയേറ്റർ ഹിറ്റ് ‘2018’ നാല് ഭാഷകളിൽ റിലീസിനൊരുങ്ങുന്നു.മെയ് 12-ന് ചിത്രം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ റിലീസിനെത്തും. ചിത്രം ഇതിനോടകം 40 കോടിയലധികം സ്വന്തമാക്കി കഴിഞ്ഞു. മറ്റ് ഭാഷകളിലേക്ക് കൂടി ചിത്രം എത്തുമ്പോൾ കളക്ഷനിൽ കാര്യമായ വർദ്ധനവുണ്ടാകുമെന്നാണ് ട്രേഡ് അനലിസ്റ്റികളുടെ അനുമാനം.
‘2018’ ആറാം ദിവസം പിന്നിടുമ്പോൾ കേരളാ ബോക്സ് ഓഫീസിൽ ചിത്രം നേടിയത് 20 കോടിയാണ്. 96% കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. കൂടാതെ അടുത്ത രണ്ട് ദിവസം വരെ സിനിമയുടെ ഓൺലൈൻ ബുക്കിങ് ഫുള്ളാണ് എന്നതും 2018-ന്റെ വിജയത്തിനെ സൂചിപ്പിക്കുന്നതാണ്. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് എല്ലാ കോണിൽ നിന്നും ലഭിക്കുന്നത്.
ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, അപർണ ബാലമുരളി, അജു വർഗീസ് തുടങ്ങിയ നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. അഖിൽ പി ധർമജൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് അഖിൽ ജോർജാണ്. ചമൻ ചാക്കോ ചിത്രസംയോജനം. നോബിൻ പോളിന്റേതാണ് സംഗീതം.