ഇസ്ലാമാബാദ്: അഴിമതിക്കേസിൽ അറസ്റ്റിലായ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഇസ്ലാമാബാദ് കോടതി എട്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ(എൻഎബി) ആവശ്യപ്പെട്ട 14 ദിവസത്തെ റിമാൻഡ് കാലാവധിക്ക് പകരമായി ആണ് കോടതി എട്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്.
അൽ ഖാദിർ ട്രസ്റ്റിൽ നിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ അറസ്റ്റിലായ ഖാൻ, തോഷഖാന കേസിലും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു. ഈ കേസിലും ഖാനെതിരെ കുറ്റപത്രം ചുമത്തിയിട്ടുണ്ട്.ഇതിനിടെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക അക്രമം അരങ്ങേറി. പെഷവാറിലെ റേഡിയോ പാക്കിസ്ഥാൻ കെട്ടിടം ഖാൻ അനുകൂലികൾ ആക്രമിച്ചു. സംഘർഷം വ്യാപകമായ ബലോചിസ്ഥാൻ, ഖൈബർ പഖ്തൂൺവ പ്രവിശ്യകളിലെ അധികാരികൾ സൈന്യത്തിന്റെ സഹായം ആവശ്യപ്പെട്ടു. പാക് പഞ്ചാബ് പ്രവിശ്യയിൽ ഇന്ന് ഉച്ചയോടെ സൈന്യത്തെ വിന്യസിച്ചിരുന്നു. ആയിരത്തിലേറെ പേരെ പഞ്ചാബിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.