കൊച്ചി : അടിസ്ഥാനസൗകര്യ വികസനത്തിനായുള്ള വിഭവ സമാഹരണത്തിന് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) നടപ്പാക്കിയ അവകാശ ഓഹരി പദ്ധതി വൻവിജയം . ഒരുമാസത്തെ പദ്ധതി കാലാവധി അവസാനിച്ചപ്പോൾ നിക്ഷേപകർക്ക് നിയമാനുസൃത അവകാശ ഓഹരി വിറ്റ് സിയാൽ സമാഹരിച്ചത് 478.21 കോടി രൂപ. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അവകാശ ഓഹരി ധനസമാഹരണ പദ്ധതികളിലൊന്നാണിത്.
ഇരുപത്തഞ്ച് രാജ്യങ്ങളിൽനിന്നായി 22,000-ലധികംപേരാണ് സിയാലിൽ നിക്ഷേപകരായുള്ളത്. ആകെ ഓഹരികളുടെ എണ്ണം 38 കോടിയാണ്. ഒരു ഓഹരിയുടെ അടിസ്ഥാനമൂല്യം 10 രൂപ. പൊതുവിപണിയിൽ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത സിയാലിന് അധികവിഭവ സമാഹരണത്തിനായി കമ്പനി നിയമം 62 (1) സെക്ഷൻപ്രകാരം അവകാശ ഓഹരി നൽകാം. നാല് ഓഹരിയുള്ളവർക്ക് ഒരു അധിക ഓഹരി എന്ന അനുപാതത്തിലാണ് പദ്ധതി നടപ്പാക്കിയത്. 50 രൂപയാണ് അവകാശ ഓഹരിയുടെ വില നിശ്ചയിച്ചിരുന്നത്.
മുഖ്യമന്ത്രി ചെയർമാനായ സിയാലിൽ സംസ്ഥാന സർക്കാരിനാണ് ഏറ്റവും വലിയ നിക്ഷേപം. 32.42 ശതമാനം ഓഹരിയാണ് സർക്കാരിനുള്ളത്. അവകാശ ഓഹരി പദ്ധതിയിൽ സർക്കാർ 178.09 കോടി രൂപ മുടക്കി 3.56 കോടി ഓഹരികൾ അധികമായി നേടി. ഇതോടെ സർക്കാരിന്റെ ഓഹരി 33.38 ശതമാനമായി ഉയർന്നു. അവകാശ ഓഹരി പദ്ധതിവഴി 564 കോടി രൂപ സിയാലിന് ലഭിച്ചു. നിയമാനുസൃതമായി സമാഹരിക്കാവുന്നത് 478.21 കോടി രൂപയായിരുന്നു. ബാക്കിയുള്ള 86 കോടി രൂപ ഓഹരിയുടമകൾക്ക് തിരികെ നൽകി. ഡി മാറ്റ് അക്കൗണ്ട് ഉള്ളവർക്കേ അവകാശ ഓഹരിക്ക് അർഹതയുള്ളൂ. അതിനാൽ 10.79 ശതമാനം ഓഹരികൾ ‘അൺ സബ്സ്ക്രൈബ്ഡ്’ വിഭാഗത്തിലായി. ഇത്തരം ഓഹരികൾ ഓഹരിയുടമകൾക്ക് അനുപാതം അനുസരിച്ച് വീതിച്ചുനൽകി. ഇതിന് സംസ്ഥാന സർക്കാർ 23 കോടി രൂപ അധികമായി നൽകി. അവകാശ ഓഹരി ലഭ്യമാക്കിയതോടെ സിയാലിന്റെ എല്ലാ നിക്ഷേപകരുടെയും ഓഹരി എണ്ണവും ശതമാനവും വർധിച്ചു.
ഒന്നരവർഷത്തിനിടെ സിയാൽ മൂന്ന് വൻകിട പദ്ധതികൾ ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ, അരിപ്പാറ വൈദ്യുത പദ്ധതികളും ബിസിനസ് ജെറ്റ് ടെർമിനലുമാണ് ഇവ. മറ്റു പദ്ധതികൾക്കായി അവകാശ ഓഹരി ഫണ്ട് വിനിയോഗിക്കുമെന്ന് സിയാൽ എംഡി എസ് സുഹാസ് പറഞ്ഞു. തുടർവർഷങ്ങളിൽ അഞ്ചു പദ്ധതികളാണ് സിയാലിനുമുന്നിലുള്ളത്. രാജ്യാന്ത ടെർമിനൽ ടി- 3യുടെ വികസനമാണ് അതിൽ പ്രധാനം. എക്സ്പോർട്ട് കാർഗോ ടെർമിനൽ, ട്രാൻസിറ്റ് ടെർമിനൽ തുടങ്ങിയ പദ്ധതികളും നടപ്പാക്കാനുണ്ട്.