കൊട്ടാരക്കര: ഡോക്ടർ വന്ദനയ്ക്ക് നേരെ പ്രതി അതിക്രമം നടത്തിയത് ബന്ധുവിനെ കണ്ട ശേഷമെന്ന് ദൃക്‌സാക്ഷികളുടെ മൊഴി. ബന്ധുവായ ബിനു എത്തിയതോടെയാണ് അക്രമാസക്തനായത്. ബന്ധുവിനെ അടിച്ചു താഴെ വീഴ്ത്തിയതിന് പിന്നാലെയാണ് വന്ദനയ്ക്ക് കുത്തേറ്റത്. ഇയാളെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവര്‍ക്ക് നേരെയും പ്രതി അക്രമം നടത്തിയത്.
താലൂക്ക് ആശുപത്രിയില്‍ എത്തിച്ച സമയത്ത് സന്ദീപ് ശാന്തനായിരുന്നു. അതുകൊണ്ടുതന്നെ വൈദ്യപരിശോധനാ സമയത്ത് വിലങ്ങ് ധരിപ്പിച്ചിരുന്നില്ല. ഇയാള്‍ ശാന്തനായിരിക്കുന്നതിനാല്‍ പോലീസുകാര്‍ ഡ്രസിങ് റൂമില്‍നിന്ന് പുറത്തിറങ്ങി. ഈ സമയത്ത് ബന്ധുവായ ബിനു എത്തിയതോടെയാണ് അക്രമാസക്തനായത്. പോലീസുകാരെയും ഹോം ഗാർഡിനെയും ആക്രമിച്ച ശേഷമാണ് പ്രതി വന്ദനയ്ക്ക് നേരെ തിരിഞ്ഞത്.
ഈ സമയം മുറിയിലുണ്ടായിരുന്നവർ മറ്റൊരു റൂമിലേക്ക് രക്ഷപ്പെട്ടെങ്കിലും വന്ദന മാത്രം ഒറ്റപ്പെട്ടുപോകുകയായിരുന്നു. വന്ദനയെ അടിച്ചു നിലത്തുവീഴ്ത്തിയ പ്രതി സർജിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ച് നെഞ്ചിലും നട്ടെല്ലിലും ആവർത്തിച്ച് കുത്തി. പിന്നീട് കൂടുതൽ പോലീസ് സ്ഥലത്ത് എത്തിയപ്പോഴാണ് പ്രതി കത്തി താഴെയിടാൻ തയാറായത്. അതേസമയം, പോലീസിന്‍റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. വീട്ടിൽ അക്രമം കാണിച്ച പ്രതിയെ കൈവിലങ്ങുപോലും ധരിപ്പിക്കാതെയാണ് പോലീസ് ഡോക്ടറുടെ മുറിയിലേക്ക് കൊണ്ടുവന്നതെന്നാണ് ആരോപണം.
ഡോക്ടര്‍ വന്ദനയെ പിന്നില്‍നിന്നാണ് സന്ദീപ് കുത്തിയതെന്നാണ് മുറിവുകള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമാകുന്നത്. മുതുകില്‍ ആറു കുത്തേറ്റുവെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു.പിന്നില്‍നിന്നുള്ള കുത്ത് മുന്‍പിലേക്ക് എത്തുന്ന തരത്തിലായിരുന്നു ആക്രമണം.നെടുന്പന യുപി സ്കൂൾ അധ്യാപകനാണ് പ്രതി പൂയപ്പള്ളി സ്വദേശിയായ സന്ദീപ്. ഇയാൾ സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കാറുണ്ടെന്നാണ് പോലീസുകാര്‍ പറയുന്നത്.